കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസി മേല്‍തട്ടില്‍ തുടങ്ങിയ അടി പ്രാദേശിക തലത്തിലേക്കും വ്യാപിക്കുന്നു. അടി മൂത്തപ്പോള്‍ കാല്‍ വഴുതിയത് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സമ്മുന്നത നേതാവിനും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലെ കയ്യാങ്കളി പരിഹരിക്കാന്‍ ഇടപെടുന്നതിനിടെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ വഴുതിയത്.
കോട്ടയം പൂവത്തിളപ്പില്‍ അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അവലോകന യോഗത്തിലാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. തുടര്‍ന്ന് എതിര്‍ വിഭാഗം ഇത് എതിര്‍ത്തു. പിന്നാലെ പ്രശ്‌നം വാക്കേറ്റത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി.
ഇതോടെയാണ് യോഗത്തില്‍ പങ്കെടുത്തിരുന്ന ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ വേദിയില്‍ നിന്ന് തിടുക്കപ്പെട്ട് ഇറങ്ങിയത്. ഈ സമയത്ത് അദ്ദേഹം പടിയില്‍ തട്ടി ഉമ്മന്‍ചാണ്ടിയുടെ കാല്‍ വഴുതുകയായിരുന്നു. സുരക്ഷ ജീവനക്കാരും പ്രവര്‍ത്തകരും ഇടപെട്ടതുകൊണ്ട് വീഴ്‌ച ഒഴിവായി. ഉമ്മന്‍ചാണ്ടിക്ക് പരിക്കുകള്‍ ഒന്നുമില്ലെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംഘടനതലത്തിലുളള അവലോകനത്തിനായി പുതുപ്പളളി മണ്ഡലത്തില്‍ പര്യടനം നടത്തുകയാണ് ഉമ്മന്‍ചാണ്ടി.