തിരുവനന്തപുരം : പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്. നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയുടെയും അടിത്തറ പ്രവാസികള്‍ കെട്ടിയുണ്ടാക്കിയതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൊവിഡ് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് സ്വന്തമായി ടിക്കറ്റെടുത്ത് സാമ്പത്തികമായി തകര്‍ന്നാണ് അവര്‍ തിരിച്ചുവരുന്നത്. നിസ്സഹായരും നിരാശരുമായി എത്തുന്ന അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ക്വാറന്‍റൈന്‍ ചെലവു കൂടി താങ്ങാനുള്ള സാമ്പത്തിക ശേഷി അവരില്‍ മിക്കവര്‍ക്കുമില്ല. പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരമായ സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അവരില്‍ നിന്ന് ക്വാറന്‍റൈന്‍ തുക ഈടാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.