കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുപ്പള്ളി വലിയ പള്ളിയില്‍ എത്തി. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ നിന്ന് വിലാപ യാത്രയായി മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ടുപോകും. സ്വന്തം നാടിന്റെ വിരിമാറിലൂടെ അണമുറിയാത്ത ജനപ്രവാഹത്തെ വകഞ്ഞുമാറ്റിയായിരിക്കും വിലാപയാത്ര കടന്നുപോകുക. പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാകെ ഒഴുകിയെത്തിയിരിക്കുകയാണ്. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ പണി പുരോഗമിക്കുന്ന വീട്ടില്‍ പ്രാര്‍ഥന പുരോഗമിക്കുകയാണ്.
9 മണിയോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം. സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്. പുതുപ്പള്ളിക്കും ഇടവകയ്ക്കും നല്‍കിയ സേവനത്തിനോടുള്ള ആദരസൂചകമായി നേതാവിനായി പ്രത്യേക കല്ലറയൊരുക്കാന്‍ ദേവാലയ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.