കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും കുടുംബം പറഞ്ഞു. ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുടുംബത്തോട് ആശയവിനിമയം നടത്താന്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25 നാണ് അന്തരിച്ചത്. ബംഗളൂരുവില്‍ നൂറുകണക്കിന് മലയാളികള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതിനാല്‍ നിശ്ചയിച്ചതിലും രണ്ട് മണിക്കൂറിലേറെ വൈകിയാണ് പ്രത്യേക വിമാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.