കോട്ടയം: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവിന് അന്തിമോപചാരം അര്‍പ്പിച്ച് ജനലക്ഷങ്ങള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കരയില്‍ നിന്നും പുതുപ്പള്ളിയിലേക്ക് യാത്രയായിരിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ തങ്ങളുടെ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് പുതുപ്പള്ളിക്കാര്‍.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പുതുപ്പള്ളിയിലെത്തും. കുടുംബവീട്ടിലും നിര്‍മാണത്തിലുള്ള വീട്ടിലും പൊതുദര്‍ശനത്തിന് വെയ്ക്കും. ഇന്ന് രാത്രി ഏഴരയോടെ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലാണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. പുലര്‍ച്ചെ 5.30 തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.