കോട്ടയം: പുതുപ്പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ചാണ്ടിയെ കാണാന്‍ ദിവസവും എത്തുന്നത് നൂറുകണക്കിനാളുകള്‍. ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാരത്തിന് ശേഷം ഓരോദിവസവും അദ്ദേഹത്തെ കബറടക്കിയ പുതുപ്പള്ളിയിലേക്ക് നൂറുകണക്കിനാളുകളാണ് വരുന്നത്. രാഷ്ട്രീയക്കാരേക്കാള്‍ സാധാരണക്കാരാണ് ഇവിടേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ കല്ലറയില്‍ പൂക്കളര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചുമാണ് പലരും മടങ്ങുന്നത്. പള്ളിമുറ്റത്തു വൈദികരുടെ കല്ലറകള്‍ക്ക് സമീപത്തായാണ് ഉമ്മന്‍ചാണ്ടിക്കും അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ പള്ളിയില്‍ അടിയന്തര കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. അതേസമയം ജീവിച്ചിരുന്നപ്പോള്‍ തന്നെ വിശുദ്ധനായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മരണാനന്തരം ആത്മീയ പദവി ലഭിക്കുമെന്നു ചിന്തിക്കുന്നവരും കുറവല്ല. ഇതിന് ഓര്‍ത്തഡോക്സ് സഭ തയ്യാറാവുമെന്നാണ് പലരും കരുതുന്നത്.
അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ആത്മീയപദവി നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. മരണാനന്തരം സഭ നല്‍കുന്ന പദവികള്‍ ഏതെങ്കിലും അദ്ദേഹത്തിന് നല്‍കണമെന്നാവശ്യപ്പെടുന്നവരുമുണ്ട്. ജീവിച്ചിരുന്നപ്പോള്‍തന്നെ ജീവിത വിശുദ്ധി നേടിയ ആളാണ് അദ്ദേഹമെന്നും പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇക്കാര്യം ഔദ്യോഗികമായി തന്നെ ഓര്‍ത്തഡോക്സ് സഭയോട് ആവശ്യപ്പെടണമെന്നാണ് പലരും പറയുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു ഉമ്മന്‍ചാണ്ടി (79) യുടെ മരണം. അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.