പത്തനംതിട്ട: ജില്ലയിൽ കോന്നി അരുവാപ്പുലം പഞ്ചായത്തിൽ ഊട്ടുപാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വാറി പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തിനും പശ്ചിമ ഘട്ടത്തിനും ഭീഷണിയാകുന്നതായി പരാതി. ഭരണ, രാഷ്ട്രീയ സ്വാധീനം കാരണം നാട്ടുകാരുടെ പരാതികൾ മുഖവിലയ്ക്കെടുക്കാതെയാണ് ഖനനമെന്നും ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം സമീപഭാവിയിൽ നാടു നേരിടുമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
നിലവിലെ നിയമങ്ങൾ മറികടന്ന് കൂടുതൽ അളവിൽ രാപകൽ ഖനനമാണ് പ്രദേശത്തു നടക്കുന്നത്. ഖനനത്തിനായി യഥാർത്ഥ നികുതിയുടെ ഒരംശം പോലും സർക്കാരിനു ലഭിക്കാറില്ല. എന്നാൽ ഇതിലേറെ പണം എത്തേണ്ടിടത്ത് എത്തുമ്പോൾ നിയമലംഘനത്തിന് അധികൃതരും കൂട്ടാകുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം പ്രദേശത്ത് പ്രത്യക്ഷ സമരപരിപാടികൾ നടന്നിരുന്നു.
ഇരമ്പി പായുന്ന ടിപ്പറുകൾ, പൊടിയിൽ കുളിക്കുന്ന വഴിയോര വീടുകളും സ്ഥാപനങ്ങൾ. തകർന്നു തരിപ്പണമായ ഗ്രാമീണ റോഡുകൾ എല്ലാം പ്രദേശത്തെ ദുരിതമുഖങ്ങളാണ്.ഇടി മിന്നൽ അപകടങ്ങൾ ഏറി വരുന്നതും ക്വാറിക്ക് സമീപ പ്രദേശങ്ങളാണെന്നും പറയപ്പെടുന്നു.
ചെറുവാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും യാത്രക്കാരുടെ ജീവനെടുക്കാൻ ഭീമൻ ടിപ്പറുകളുടെ പുറത്തേക്കു തള്ളിനിൽക്കുന്ന വൻ പാറക്കഷണങ്ങൾ കാരണമാകുന്നുണ്ട്. അനുവദിക്കപ്പെട്ടതിന്റെ പതിന്മടങ്ങാണ് ഖനനവും ലോഡ് കയറ്റിവിടുന്നതും.
ഇതുമായി ബന്ധപ്പെട്ട പരാതികൾ മുഖവിലയ്ക്കുപോലും എടുക്കാറില്ല. ഊട്ടുപാറ ഗാലക്സി പാറ മടയിൽ നിന്നും അമിത ലോഡുമായി പായുന്ന ടിപ്പറുകൾ യുവമോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് ഇവിടെ നിന്നും ലോഡുകൾ അധികവും കയറ്റി അയയ്ക്കുന്നത്. ഏറെയും സർക്കാരുമായി ബന്ധപ്പെട്ട നിർമാണ ജോലികളായതിനാൽ ലോഡിന് ഔദ്യോഗിക പരിവേഷവും വന്നുചേരും.