ഏതു സീസൺ ആണെങ്കിലും അവധിയാണെങ്കിലും മലയാളികൾ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന് എന്നാൽ ഊട്ടിക്ക് വിട്ടാലോ എന്നായിരിക്കും. നാട്ടിൽ ചൂടു കൂടുമ്പോൾ സ്കൂളിന് അവധി കിട്ടുമ്പോൾ, കൂട്ടുകാർ തമ്മിൽ കൂടുമ്പോൾ, ഗെറ്റ് ടുഗദർ വെയ്ക്കുമ്പോൾ അങ്ങനെ സന്ദർഭമേതായാലും ഒരു ഊട്ടി യാത്ര നിർബന്ധമാണ്. ഇഷ്ടം പോലെ കാഴ്ചകൾ കാണുക, വൈകിട്ട് തണുപ്പിൽ ചിൽ ചെയ്യുക എന്നിങ്ങനെയുള്ള അജണ്ടകളുമായി ഊട്ടിയിൽ ചെല്ലുമ്പോൾ കാണുന്നത് ഒരു വലിയ ജനക്കൂട്ടത്തെ ആയിരിക്കും. വർഷത്തിലെപ്പോൾ വന്നാലും തിക്കും തിരക്കുമുള്ള ലക്ഷ്യസ്ഥാനമായി ഊട്ടി മാറിയിട്ട് അധികകാലം ആയില്ല.
ഓണാവധി ചെലവഴിക്കുവാൻ ഊട്ടിയിലെത്തിയവരെ കാത്തിരുന്നത് അപ്രതീക്ഷിതമായ കാഴ്ചകളായിരുന്നു. രാത്രി താമസിക്കാൻ റൂം കിട്ടാത്തവരും വൃത്തിയുള്ള ഭക്ഷണം കിട്ടാതെപോയതും തണുപ്പ് പ്രതീക്ഷിച്ച് പോയപ്പോൾ കിട്ടിയ പൊള്ളുന്ന ചൂടും ഒക്കെയാണ് ഇപ്പോഴത്തെ ഊട്ടിയിലെ അവസ്ഥ. രാത്രിയിൽ അത്ര വലിയ പ്രശ്നമില്ലെങ്കിലും പകൽ നേരത്തെ ചൂട് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ഊട്ടി യാത്ര പെരുവഴിയിൽ ആകാതിരിക്കുവാന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പെട്ടന്ന് ഒരു യാത്ര പോകണമെന്ന് തോന്നുമ്പോൾ ബാഗും പാക്ക് ചെയ്ത് നേരെ വണ്ടി ഊട്ടിയിലേക്ക് വിട്ട പല യാത്രാകഥകലും നമ്മൾ കേട്ടിട്ടുണ്ടാവും. ചെലവു കുറഞ്ഞ യാത്ര പ്ലാൻ ചെയ്യുന്നവരുടെ സ്വർഗ്ഗമാണ് ഊട്ടിയെങ്കിലും പ്ലാൻ ചെയ്യാതെ പോയാൽ ചിലപ്പോ ധനനഷ്ടം മാത്രമല്ല, പോക്ക് തന്നെ ഒരു നഷ്ടമായി പോയേക്കാം.
പൊതു അവധി ദിവസങ്ങൾ, ആഴ്ചാവസാനങ്ങള്‍, നീണ്ട വാരാന്ത്യങ്ങൾ എന്നിങ്ങനെയുള്ള ദിവസങ്ങളിൽ ഊട്ടിയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് അവധിദിവസങ്ങളിൽ പരമാവധി ഊട്ടിയിലേക്ക് പോകാതിരിക്കുക എന്നത് തന്നെയാണ്. കേരളത്തിൽ നിന്നും കർണ്ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ആളുകൾ എത്തിച്ചേരുന്ന ഇവിടെ തിരക്കുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇനി അവധി ദിവസങ്ങളിൽ തന്നെയാണ് വരുന്നതെങ്കിൽ ഊട്ടിയിലെ നിലവിലെ അവസ്ഥ എന്താണെന്ന് ആലോചിക്കുക.
തുടർന്ന് നിങ്ങൾക്ക് ആവശ്യമായ മുറികള്‍, താമസസൗകര്യങ്ങൾ, ഭക്ഷണം എന്നില ലഭിക്കുമെന്ന് ഉറപ്പുവരുത്തുക. ഇത്രയും കാര്യങ്ങള്‍ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം മാത്രമേ ഊട്ടിയിലേക്ക് യാത്ര പുറപ്പെടാവൂ. ഭക്ഷണം ഊട്ടിയിലെത്തി കഴിക്കാനാണ് പ്ലാൻ എങ്കിൽ കൊള്ളവില നല്‍കേണ്ടി വന്നേക്കാം. ഇതിനു പകരമായി കേടാവാത്ത ഭക്ഷണം വണ്ടിയിൽ സൂക്ഷിച്ചാല്‍ അത് ഉപകരിക്കും. ഊട്ടയിൽ എവിടെയൊക്കെ കാണണം എന്നു നേരത്തെ പ്ലാൻ ചെയ്തിനു ശേഷം മാത്രം വരിക. അല്ലാത്തപക്ഷം തിക്കിലും തിരക്കിലും പെട്ട് ഒന്നും കാണാൻ കഴിയാത്ത അവസ്ഥ വന്നേക്കാം.