നയ്പിഡോ: ശക്തമായ ഭൂകമ്പത്തില്‍ കനത്തം നാശംവിതച്ച മ്യാന്‍മറിലേക്ക് സഹായവുമായി പറന്നിറങ്ങി ഇന്ത്യ. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണ്‍ വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച മധ്യമ്യാന്‍മറിലും തായ്‌ലാന്‍ഡിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ എണ്ണൂറിലധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മ്യാന്‍മറിലാണ് ഭൂകമ്പം ഏറ്റവുമധികം ആള്‍നാശം വരുത്തിയിട്ടുള്ളത്. മ്യാന്‍മറിലെ ജനങ്ങളെ സഹായിക്കുന്നതിന് ഏറ്റവും ആദ്യത്തിലെത്തി തന്നെ ഇന്ത്യ പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനമാണ് യാങ്കൂണിലെത്തിയത്. ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിക്കുകയും അയല്‍രാജ്യത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ഭക്ഷ്യ പായ്ക്കറ്റുകള്‍, ശുചീകരണ കിറ്റുകള്‍, ജനറേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയടക്കം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യയുടെ ആദ്യഘട്ട സഹായത്തില്‍ മ്യാന്‍മറിലെത്തിയത്. കുടാതെ ദേശീയ ദുരന്തര നിവാരണസേനാ ടീമും മ്യാന്‍മറിലെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ആവശ്യമായ സഹായം ഇന്ത്യ നല്‍കുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ അറിയിച്ചു.