കൊച്ചി : നഗരത്തിൽ വെള്ളകെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ എംജി റോഡിൽ 10 കോടി രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കാൻ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് മേയർ അഡ്വ. എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. എംജി റോഡിൽ ഫാർമസി ജംഗ്ഷൻ മുതലുള്ള ഭാഗങ്ങളിൽ തുക ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടക്കും. രണ്ടാംഘട്ടം എന്ന നിലയിൽ കൂടുതൽ തുക പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി യോഗം ചേർന്നതിനു ശേഷം വകുപ്പിൽ നിന്ന് അനുവദിക്കുന്നത് അനുസരിച്ച് നടത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മേയർ പറഞ്ഞു.
ജലസേചന വകുപ്പിന് കീഴിൽ തേവര – പേരണ്ടൂർ കനാലിൽ നാല് റീച്ചുകളിലായി നടക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അഗ്നിശമന സേനയുടെ എല്ലാ പമ്പ് സെറ്റുകളും പ്രവർത്തന സജ്ജമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. എം ജി റോഡിൽ തകർന്നുപോയ സ്ലാബുകൾ മാറ്റിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പൊതുമരാമത്ത് വകുപ്പ് യോഗത്തിൽ സമർപ്പിച്ചു. കമ്മട്ടിപ്പാടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം നിരീക്ഷിച്ചു. മുല്ലശ്ശേരി കനാലിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ ജലസേചന വകുപ്പ് യോഗത്തിൽ അവതരിപ്പിച്ചു. ടാസ്ക് ഫോഴ്സ് എന്ന നിലയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരെ ചേർത്ത് സജ്ജീകരിച്ചിരിക്കുന്ന പദ്ധതിക്ക് ഹെൽത്ത് കമ്മിറ്റി ചെയർമാനെയും ഹെൽത്ത് ഓഫീസറിനെയും യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു.