ശ്രീനഗർ: വ്യാഴാഴ്ച മൂന്നു ഭീകരർ കൊല്ലപ്പെട്ടതോടെ 48 മണിക്കൂറിനിടെ സൈന്യം വധിച്ചത് ആറുപേരെ. ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് രണ്ടുദിവസത്തിനിടെ വധിച്ചത്. ഓപ്പറേഷൻ കെല്ലർ ദൗത്യത്തിലാണ് ലഷ്‌കറെ തൊയ്‌ബ പ്രധാന കമാൻഡറെയടക്കം ചൊവ്വാഴ്ച സൈന്യം വധിച്ചത്. ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, മറ്റൊരാൾ എന്നിവരെയാണ് വധിച്ചത്. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് കുട്ടെ. ഷോപ്പിയാനിലെ ചോട്ടിപോറ ഹീർപോര പ്രദേശത്തെ താമസക്കാരനായ കുട്ടെ 2023-ലാണ് ഭീകരസംഘടനയിൽ ചേർന്നത്. ‘ഓപ്പറേഷൻ നാദർ’ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചിൽ.
തിരച്ചിൽ തുടങ്ങിയതോടെ ഭീകരർ സൈന്യത്തിനുനേരെ വെടിവെച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്നുപേരെയും വധിച്ചത്. ഇതിൽ ആസിഫ് ഷെയ്‌ക്ക് പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയിരുന്നു. എകെ സീരീസ് റൈഫിളുകൾ, 12 മാഗസിനുകൾ, മൂന്ന് ഗ്രനേഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഭീകരരിൽനിന്ന് കണ്ടെടുത്തു. ഇയാളുടെയും ഷാഹിദ് കുട്ടെയുടെയും വീടുകൾ സ്ഫോടനത്തിൽ തകർത്തിരുന്നു. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ആദിൽ തോക്കർ, അലി ഭായ്, ഹാഷീം മൂസ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.