കൊച്ചി : കേരളാ കോണ്‍ഗ്രസ് പിജെ ജോസഫിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ഓപ്പറേഷന്‍ പി.ജെ പദ്ധതിയുമായി ജോസ് കെ.മാണി വിഭാഗം. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തരത്തിലാകും ഇടപെടല്‍. ഇടതിന് തുടര്‍ ഭരണം ലഭിച്ചതിന്റെ പിന്‍ബലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നു നേതാക്കളെ ആകര്‍ഷിക്കുകയാണ് തന്ത്രം.
കേരള കോണ്‍ഗ്രസിനെ (എം) മുന്‍നിര്‍ത്തി മധ്യതിരുവിതാംകൂറില്‍ യുഡിഎഫിനെ ഓര്‍മ്മയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യം വെയ്ക്കുന്നത് . ഇതിലൂടെ ഭരണത്തില്‍ ഹാട്രിക് നേടാനാണ് ശ്രമം. കോണ്‍ഗ്രസിലെയും ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിലെയും അസംതൃപ്തരായ നേതാക്കളെയാണ് നോട്ടമിടുന്നത്. എംഎല്‍എ സീറ്റ് മോഹിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫില്‍ എത്തിയ നിരവധി നേതാക്കളുണ്ട്. ഇവര്‍ക്കൊന്നും ജോസഫ് സീറ്റ് നല്‍കിയില്ല. ജോസഫിന്റെ ഇഷ്ടക്കാരായി മത്സരിച്ചവരെല്ലാം തോല്‍ക്കുകയും ചെയ്തു. ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ നേതാക്കള്‍ ഇതില്‍ തീര്‍ത്തും അസംതൃപ്തരാണ്. ആദ്യഘട്ടത്തില്‍ ഇവരെ ജോസ് മുഖേന പാര്‍ട്ടിയിലെത്തിച്ച് മാന്യമായ സ്ഥാനമാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയാണ് തന്ത്രം.
ഇതിനൊപ്പം കേരളാ കോണ്‍ഗ്രസില്‍ മോന്‍സ് ജോസഫുണ്ടാക്കുന്ന മുന്‍തൂക്കവും ജോസഫിനൊപ്പമുള്ള നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇക്കാര്യത്തില്‍ തീര്‍ത്തും നിരാശനാണ്. ഇതിനൊപ്പം കോണ്‍ഗ്രസിലെ പ്രമുഖരേയും ജോസ് കെ മാണി നോട്ടമിടുന്നത്. കേരള കോണ്‍ഗ്രസിന് (എം) ലഭിക്കാനിടയുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ കണ്ണുവെച്ചാണ് പ്രതിപക്ഷത്തെ പല നേതാക്കളും പാര്‍ട്ടി മാറാന്‍ തയാറാകുന്നതും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
പി.ജെ.ജോസഫിന്റെ കേരള കോണ്‍ഗ്രസില്‍നിന്നും മറ്റു കേരള കോണ്‍ഗ്രസുകളില്‍നിന്നും ഏതാനും മുതിര്‍ന്ന നേതാക്കള്‍ ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അനൂപ് ജേക്കബിന്റെ കേരളാ കോണ്‍ഗ്രസ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാനും സിപിഎമ്മിന് താല്‍പ്പര്യമുണ്ട്. യാക്കോബായ സഭയുടെ പിന്തുണ ലക്ഷ്യം വെച്ചാണ് ഇത്. കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ പല പ്രമുഖരും കളം മാറി ചവിട്ടുമെന്നാണ് സൂചന.