ബെയ്‌ജിങ്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ആശങ്ക അറിയിച്ച് ചൈന. ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം. ‘നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ട്. ഇന്ത്യയും പാക്കിസ്താനും ഇപ്പോഴും ഭാവിയിലും അയല്‍ക്കാരായിരിക്കും. ഇരുവരും ചൈനയുടെ അയല്‍രാജ്യങ്ങള്‍ കൂടിയാണ്. എല്ലാ ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളണമെന്ന് ഇരു രാജ്യങ്ങളോടും ആവശ്യപ്പെടുകയാണ്. സംയമനം പാലിക്കുക.
സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക’, എന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം. ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നും സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.