കാത്തിരിപ്പിനൊടുവിൽ ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ രണ്ടാമത്തെ മടക്കാവുന്ന സ്ക്രീനുള്ള ഫോണാണ് ഇത്. ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് ഫോണിന്റെ പിൻഗാമിയായ എൻ3 ഫ്ലിപ്പ് ആകർഷകമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. മുൻതലമുറ മോഡലിനെക്കാൾ മികച്ച ഹിഞ്ച് മെക്കാനിസവും ഓപ്പോയുടെ പുതിയ മടക്കാവുന്ന സ്മാർട്ട്ഫോണിലുണ്ട്. ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോണിന്റെ കവർ സ്‌ക്രീൻ ഇപ്പോൾ ജിമെയിൽ, വാട്സ്ആപ്പ് പോലുള്ള ആപ്പുകൾ തുറക്കാനും ഉപയോഗിക്കാനും സാധിക്കുന്ന വിധത്തിലാണ് വരുന്നത്. ഈ കവർ ഡിസ്പ്ലെ മറ്റ് 40 ആപ്പുകളോളം സപ്പോർട്ട് ചെയ്യുന്നുമുണ്ട്.
ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് ഫോൾഡബിൾ സ്മാർട്ട്ഫോൺ ഒരു വേരിയന്റിൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഈ ഡിവൈസിലുള്ളത്. ഈ വേരിയന്റിന് 94,999 രൂപയാണ് വില. ഫോണിന്റെ വിൽപ്പന ഒക്ടോബർ 22 മുതലാണ് ആരംഭിക്കുന്നത്. ഓപ്പോ വെബ്സൈറ്റിൽ ഫോണിന്റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്. ആദ്യ വിൽപ്പനയിൽ ഓഫറുകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സവിശേഷതകൾ
ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ 6.8-ഇഞ്ച് FHD+ മെയിൻ ഡിസ്‌പ്ലേയാണുള്ളത്. ഇതിനൊപ്പം 1080×2520 പിക്‌സൽസ് ക്രിസ്റ്റൽ ക്ലിയർ റെസലൂഷനുമുണ്ട്. ഈ അമോലെഡ് സ്‌ക്രീനിന് 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഫോൺ മടക്കിയാൽ പുറത്ത് കാണുന്നത് 382×720 പിക്സൽ റെസല്യൂഷനോട് കൂടിയ 3.26 ഇഞ്ച് ഡിസ്പ്ലേയാണ്. മടക്കിയ ഫോൺ തുറക്കാതെ തന്നെ പെട്ടെന്ന് ആപ്പുകൾ ആക്സസ് ചെയ്യാനും മെസേജുകൾ വായിക്കാനുമെല്ലാം ഈ ഡിസ്പ്ലെ മതിയാകും. ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ പ്രൊട്ടക്ഷനുള്ള ഡിസ്പ്ലെയാണ് ഇത്.
ചിപ്പ്സെറ്റും ബാറ്ററിയും
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9200 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി റാമുമായി വരുന്ന ഫോണിൽ ആൻഡ്രോയിഡ് 13 ബേസ്ഡ് കളർഒഎസ് 13.2 ലെയറാണുള്ളത്. ഫിങ്കർപ്രിന്റ് സെൻസർ ഒരു വശത്തായി നൽകിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഓപ്പോ നൽകിയിട്ടുള്ളത്. മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിലുണ്ട്.
ക്യാമറകൾ
മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ ഫൈൻഡ് എൻ3 ഫ്ലിപ്പ് സ്മാർട്ട്ഫോൺ വരുന്നത്. ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഹാസൽബ്ലാഡുമായി സഹകരിച്ച് നിർമ്മിച്ചതാണ്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 48 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, എഫ്/2.0 അപ്പേർച്ചറുള്ള 32 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് പിന്നിലെ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.