കൊച്ചി : മലയാളത്തിലെ മുന്‍നിര സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. സിനിമ ടെക്നീഷ്യന്മാരുടെ സംഘടന ഫെഫ്കയുടെ മേധാവി എന്ന രീതിയിലും മലയാള സിനിമയിലെ പ്രതിസന്ധികളെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ സംസാരിക്കാറുണ്ട്. മലയാള സിനിമയ്ക്ക് ഗുണം ചെയ്തിരുന്ന ഒടിടിയുടെ അവസരങ്ങള്‍ ചുരുങ്ങുകയാണ് എന്നാണ് പുതിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. കൊവിഡ് കാലത്ത് ആളുകള്‍ വീട്ടിലേക്ക് ചുരുങ്ങിയ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കണ്ടന്‍റ് വേണമായിരുന്നു. അതിന് വേണ്ടി അവര്‍ ചിത്രങ്ങള്‍ വാങ്ങിയിരുന്നു. അടുത്തിടെ മലയാളത്തില്‍ 26 പടങ്ങള്‍ ചിത്രീകരണം നടന്നിരുന്നു. പലരും ഒടിടി എന്നാണ് പറയുന്നത്.
എന്നാല്‍ തീയേറ്ററുകളും മറ്റും തുറന്നതോടെ ഒടിടി കോപ്പറേറ്റുകള്‍ക്ക് ചിലവഴിക്കുന്ന പണത്തിന് അനുസരിച്ചുള്ള സബ്സ്ക്രിപ്ഷനും മറ്റും ലഭിക്കുന്നില്ലെന്ന് പറയാം. ഒടിടി പൂര്‍ണ്ണമായും അല്‍ഹോരിതം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ്. താര കോമ്പിനേഷനും വ്യൂവര്‍ഷിപ്പൊക്കെ നോക്കിയാണ് പടം എടുക്കുന്നത്. ഞാന്‍ അവസാനം എടുത്ത മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇപ്പൊഴായിരുന്നെങ്കില്‍ അന്ന് ഒടിടിക്ക് നല്‍കിയ പണം കിട്ടില്ലായിരുന്നു. 30-40 ശതമാനം തുക കുറവായിരിക്കും ലഭിക്കുക. ഇപ്പോഴത്തെ വ്യവസ്ഥകള്‍ കാരണം 90 ദിവസം കഴിഞ്ഞ് മാത്രമാണ് ഒരു ചലച്ചിത്രം ടിവിയില്‍ കാണിക്കാന്‍ പറ്റുന്നത്. അതിനാല്‍ തന്നെ സാറ്റലെറ്റ് റൈറ്റ്സ് ശരിക്കും സീറോയാണ്. എന്നാലും ഇതിന്‍റെ മാര്‍ക്കറ്റ് അറിയാതെ ഇതൊക്കെയുണ്ടെന്ന് കരുതിയാണ് പലരും സിനിമ രംഗത്തേക്ക് വരുന്നത്. ശരിക്കും 150 ചിത്രങ്ങളുടെ ആവശ്യമൊന്നും മലയാളത്തില്‍ ഇല്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.