തിരുവനന്തപുരം : ഒന്നാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പൊള്ളയാണ്. സര്‍ക്കാരിന്റെ വാഗ്ദാന വിഷയത്തില്‍ വിഷയത്തില്‍ പരസ്യ സംവാദത്തിന് തയ്യാറാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പിണറായി സര്‍ക്കാര്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 100 പോലും നടപ്പാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് കുററപ്പെടുത്തി.
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിച്ചുള്ള സുപ്രീംകോടതി ഉത്തരവിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കേരളത്തില്‍ 24ഓളം വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമുണ്ട്. ഈ സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ വികസനത്തെയും ഉപജീവനമാര്‍ഗങ്ങളെയും ബാധിക്കുന്നതാണ് കോടതി ഉത്തരവ്. കേരളത്തിലെ 20ഓളം പട്ടണങ്ങളെയും ഒരുലക്ഷത്തോളം ഗ്രാമങ്ങളെയും ബാധിക്കുന്ന ഗൗരവ വിഷയമാണിത്.
വനങ്ങള്‍ക്ക് ചുറ്റും 1 കിമീ പരിസ്ഥിതി ലോല മേഖലയായി നല്‍കിയാല്‍ ഏകദേശം 2.5 ലക്ഷം ഏക്കര്‍ മനുഷ്യ വാസ കേന്ദ്രങ്ങളില്‍ വികസനം സാധ്യമാകില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. ക്വാറികളെ സംരക്ഷിക്കാന്‍ മാത്രമാണിപ്പോള്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ താത്പര്യം. ക്വാറി ഉടമകളുടെ താത്പര്യം മാനിച്ചാല്‍ കര്‍ഷകര്‍ തഴയപ്പെടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.