കോന്നി : ജമ്മു കശ്മീർ വിഷയത്തിൽ രാജ്യത്തെ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിന് ഒപ്പമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. ഓഗസ്റ്റ് 14,15,16 തീയതികളിൽ കോന്നിയിൽ നടക്കുന്ന സി പി ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സ്വാഗത സംഘരൂപീകരണയോഗം കോന്നിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 22 നാണ് ഭീകരാക്രമണ വാർത്ത നാം കേൾക്കുന്നത്. ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ നമ്മൾ തിരിച്ചടിച്ചു എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. രാഷ്ട്രീയത്തെക്കാൾ വലുതാണ് രാഷ്ട്രം. അതിനാൽ തന്നെ ഇന്ത്യയിലെ സി പി ഐ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണക്കും. എന്നാൽ 26 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തപ്പോൾ പ്രധാന മന്ത്രി പങ്കെടുത്തില്ല.
കമ്മ്യൂണിസ്റ്റ് രാജ്യം എന്ന് വിശേഷിക്കപ്പെടുന്ന ചൈന ഈ വിഷയത്തിൽ പാകിസ്ഥാന് പിന്തുണ നൽകിയത് ശരിയായ നടപടിയല്ല. 1957 മുതൽ ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ എത്തിയ നാൾ മുതൽ രാജ്യത്തിന് മാതൃകയായ പ്രവർത്തനമാണ് കേരളത്തിൽ നടന്നത്. സാക്ഷരതയിലും ആയൂർ ദൈർക്യത്തിലും രാജ്യത്തെ ഏതൊരു സംസ്ഥാനത്തെക്കാളും ഏറ്റവും മുന്നിലാണ് കേരളം. ഭൂരഹിതർ ഇല്ലാത്ത കേരളമാണ് ഇനി നാം ലക്ഷ്യമിടുന്നത്. മാരാമണ്ണും ശബരിമലയും അടക്കം വ്യത്യസ്ത മത വിഭാഗങ്ങൾ ആരാധിക്കപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട. അത്തരത്തിൽ ഒരു മത സൗഹാർദം നില നിൽക്കുന്ന ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സമ്മേളനം നടക്കുമ്പോൾ അത് ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്നും അദ്ദേഹം വ്യക്തമാക്കി.
സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ജി രതീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മലയാലപുഴ ശശി, എം പി മണിയമ്മ, അഡ്വ. ശരത്ചന്ദ്രകുമാർ, റ്റി മുരുകേഷ്, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കർ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ് അഖിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സ്വാഗത സംഘം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ സി കെ ശശിധരൻ, മുണ്ടപ്പള്ളി തോമസ് (രക്ഷാധികാരികൾ), പി ആർ ഗോപിനാഥൻ(കൺവീനർ),ചിറ്റയം ഗോപകുമാർ (ചെയർമാൻ), എം പി മണിയമ്മ, കെ രാജേഷ് (ജോയിന്റ് കൺവീനർമാർ), മലയാലപുഴ ശശി, കെ ജി രതീഷ് കുമാർ (വൈസ് ചെയർമാൻമാർ), എ ദീപകുമാർ (ട്രഷറർ ) എന്നിവരെയും 251 പേര് അടങ്ങുന്ന ജനറൽ കമ്മറ്റിയെയും തിരഞ്ഞെടുത്തു.