കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണമായത് മന്ത്രിമാരുടെ നിരുത്തരവാദിത്ത പരമായ സമീപനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി വീണാ ജോർജ് സ്വീകരിച്ചത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുറന്നടിച്ചു. ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണം.
സംസ്ഥാനത്ത് സർക്കാരില്ലായ്മ എന്ന അവസ്ഥയാണെന്നും ആവശ്യമുള്ളപ്പോൾ മിണ്ടാതിരിക്കുക എന്ന കൗശലമാണ് സ്ഥലത്തെത്തിയ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ സർക്കാർ തയാറായില്ലെന്ന് സതീശൻ ആരോപിച്ചു. ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണം. 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. പി ആർ ഏജൻസി പറയുന്നതിന് അപ്പുറം സർക്കാരിന് ഒന്നുമില്ല. കോൺഗ്രസും യുഡിഎഫും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.