തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി. തലസ്ഥാനത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ തൈക്കാട് ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. കേരളത്തിലെ ആരോഗ്യരംഗം താറുമാറാക്കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി മാര്‍ച്ച്. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പ്രതിഷേധക്കാരുടെ അടുത്തേക്ക് എത്താന്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബാരിക്കേഡിന് ഇടയിലൂടെ വരാനുള്ള നീക്കം പരാജയപപെട്ടതോടെ ഒടുവില്‍ മുരളീധരന്‍ മറ്റൊരു വഴിയിലൂടെ സമരം നടക്കുന്ന സ്ഥലത്തേക്ക് എത്തി. പ്രതിഷേധത്തിന്‍റെ ഉദ്ഘാടകനാണ് വി മുരളീധരൻ. പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുക്കാതെ വിവിധ സംഘടനകള്‍ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി നീങ്ങിയത്. അതേസമയം മന്ത്രി വസതിയില്ല. രാവിലെ 9.30 ഓടെ മന്ത്രി ഓഫീസിലേക്ക് പോയിരുന്നു. മഹിളാ കോണ്‍ഗ്രസും വീണാ ജോര്‍ജിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. പിന്നാലെ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലത്ത് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മന്ത്രി വീണാ ജോർജിൻ്റെ പത്തനംതിട്ട കുലശേഖരപതിയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തി.