പത്തനംതിട്ട : റേഷൻ വ്യാപാരികളുടെ വേതന വർധന ഉൾപ്പെടെ പഠിക്കാൻ നിയോഗിച്ച സർക്കാർ സമിതി സംസ്ഥാനത്ത് നാലായിരത്തോളം കടകൾ അടച്ചു പൂട്ടണമെന്ന് ശുപാർശ ചെയ്തത് ജില്ലയിലെ റേഷനിങ് സംവിധാനത്തെ പ്രതിസന്ധിയിലാക്കും. ശുപാർശ പ്രകാരം ജില്ലയിലെ നൂറോളം റേഷൻകടകൾ പൂട്ടേണ്ടി വരുമെന്ന് വ്യാപാര സംഘടന പ്രതിനിധികൾ പറഞ്ഞു. വിൽപന കുറഞ്ഞ കടകൾ പൂട്ടാനും ബാക്കി കടകൾ നടത്തുന്നവർക്ക് കമീഷൻ വർധിപ്പിക്കാനുമാണ് റേഷനിങ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശം. ഇതു നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കിയെങ്കിലും വ്യാപാരികൾ ആശങ്കയിലാണ്.
കൂടുതൽ കടകൾ പൂട്ടേണ്ടി വരുന്നത് പത്തനംതിട്ടയിലാകുമെന്ന് അവർ പറയുന്നു.
ഒരു കടയിൽ എണ്ണൂറിൽ കുറയാത്ത കാർഡുകൾ ഉണ്ടാകണമെന്നും കുറഞ്ഞത് 45 ക്വിന്റൽ അരി വിറ്റുപോകണമെന്നുമാണ് സമിതിയുടെ ശുപാർശകളിൽ പ്രധാനം. ജില്ലയിലെ ഒരു റേഷൻ കടയിൽ ശരാശരി നാനൂറിൽ താഴെയാണ് കാർഡുകളുടെ എണ്ണം. 25 വർഷം മുമ്പ് തുടങ്ങിയ റേഷൻ കടകളിൽ ഇത്രയും കാർഡ് ഉടമകളാണുള്ളത്. പല പഞ്ചായത്തുകളിലും ഒരുവാർഡിൽ ഒന്നിലധികം റേഷൻ കടകളുണ്ട്. ഇലന്തൂർ പഞ്ചായത്ത് ആറാം വാർഡിൽ നാല് കടകളാണുള്ളത്. ചില വാർഡുകളിൽ റേഷൻ കടകളില്ല.