കലോറി തീരെ കുറഞ്ഞ ഭക്ഷ്യവിഭവമാണ് പച്ചമുളക്. ഇതിൽ ധാരളം വൈറ്റമിൻ സിയും ആന്റി ഓക്സിഡുകളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും കാഴ്ചശക്തിയും നൽകാൻ പച്ചമുളക് ഉത്തമമാണ്. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ പച്ചമുളക് ദഹനം എളുപ്പമാക്കുന്നു.
നിലമൊരുക്കലും നടീലും
സൂര്യപ്രകാശം നേരിട്ടടിക്കുന്നതും നീർവാർച്ചാ സൗകര്യമുള്ളതുമായ ഇടം വേണം പച്ചമുളക് കൃഷിക്കായി തിരഞ്ഞെടുക്കാൻ. കട്ടകൾ ഉടച്ച് ജൈവവളം ചേർത്ത് കിളച്ച് നിരപ്പാക്കി വേണം കൃഷിയിടം ഒരുക്കാൻ. 45 സെ.മീ അകലത്തിൽ ചാലുകീറി 45 സെ.മീ ഇടവിട്ട് തൈകൾ നടാവുന്നതാണ്. വർഷകാലത്ത് പണകളിലും വേനൽകാലത്ത് വരമ്പുകളിലുമാണ് കൃഷി ചെയ്യേണ്ടത്. വിത്ത് പാകി തൈകളാക്കിയതിനു ശേഷം പറിച്ചു നടുന്നതാണ് നല്ലത്. നിലമൊരുക്കുമ്പോൾ ചാണകപ്പൊടി ഒരു കിലോഗ്രാം, മണ്ണിര കമ്പോസ്റ്റ് ഒരു കിലോഗ്രാം, വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം, ചാരം 500 ഗ്രാം എന്നിവ അടിവളമായി നൽകിയതിനു ശേഷം നടാവുന്നതാണ്.
—
പരിപാലനം
മുളക് പറിച്ചു നട്ട് 14-ാം ദിവസം മുതൽ വേപ്പെണ്ണ വെളുത്തുള്ളി – ഇഞ്ചി മിശ്രിതം, തളിച്ചു കൊടുക്കുന്നത് കീടത്തിൽ നിന്നും മുളകിനെ സംരക്ഷിക്കും. കൂടാതെ കഞ്ഞിവെള്ളം നേർപ്പിച്ച് 5 ദിവസത്തിൽ ഒരിക്കൽ തളിച്ചു കൊടുക്കുന്നതും നല്ലതാണ്. 15 ദിവസത്തിലൊരിക്കൽ അടിവളമായി മണ്ണിൽ ചാണകം 10 കിലോ ഗ്രാം, പാറപ്പൊടി (250 ഗ്രാം), ചാരം 3 കിലോ, വേപ്പിൻ പിണ്ണാക്ക് 10 കിലോ ഗ്രാം എന്നിവ നന്നായി മിക്സ് ചെയ്ത് ചേർക്കുക. ചെടി ഒന്നിന് 100 ഗ്രാം വീതം ഇടാവുന്നതാണ്. 4 തവണവരെ വിളവെടുക്കാം. വളങ്ങളും കീടനിയന്ത്രണികളും തൈ നട്ട് പത്താം ദിവസം കഴിയുമ്പോൾ മുതൽ പഞ്ചഗവ്യം, അമൃതപാനി, ജീവാമൃതം ഇവയിൽ ഏതെങ്കിലുമൊന്ന് പത്ത് ദിവസത്തിലൊരിക്കൽ ഒഴിച്ചു കൊടുക്കുന്നത് വളർച്ചയ്ക്ക് നല്ലതാണ്.