റായ്പൂര്‍: നാരായണ്‍പൂരിലെ അബുജ്മര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യം. മനുഷ്യാവകാശ വക്താക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ പീസാണ് (സിസിപി) ഛത്തീസ്ഗഢ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ‘ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കണം. മൃതദേഹങ്ങള്‍ ഉടന്‍ വിട്ടുകൊടുക്കണം. അന്തസ്സോടെ ഉറ്റവര്‍ക്ക് വിടനല്‍കാന്‍ കുടുംബങ്ങളെ അനുവദിക്കണം. മരണത്തിലും മനുഷ്യര്‍ അന്തസ്സ് അര്‍ഹിക്കുന്നുണ്ട്. ഞങ്ങളുടെ അഭ്യര്‍ത്ഥനയാണ്. നമ്മുടെ ഭരണഘടനാ മൂല്യങ്ങളും മാനുഷിക തത്വങ്ങളും പാലിക്കപ്പെടണം.
നിയമപരമായ നിര്‍ദ്ദേശങ്ങള്‍ ഉടനടി പാലിച്ച് എല്ലാ മൃതദേഹങ്ങളും അവരുടെ കുടുംബങ്ങള്‍ക്ക് നിരുപാധികം വിട്ടുകൊടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. കുടുംബാഗങ്ങളെ ഭീഷണിപ്പെട്ടുത്തുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞു. മനസാക്ഷിയില്ലാത്ത ഭരണകൂടമായി മാറരുത്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ അന്തസോടെ മരിക്കാനുള്ള അവകാശം കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. മരിച്ചു കഴിഞ്ഞുവെന്ന് കരുതി ഒരാളുടെ അന്തസ്സ് അവസാനിക്കുന്നില്ല,’സിസിപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.2025 മെയ് 24 നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ഛത്തീസ്ഗഢ് അഡ്വക്കേറ്റ് ജനറല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് ഉറപ്പ് നല്‍കിത്.
മൃതദേഹങ്ങള്‍ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുകയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വലിയ വേദനയാണ് ഇത് നല്‍കുന്നതെന്നും സിസിപി പ്രസ്താവനയില്‍ പറയുന്നു.സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെയാണ് സുരക്ഷസേന വധിച്ചത്. പൊതുസംസ്‌കാര ചടങ്ങുകളില്‍ ഉന്നത ഇടതുനേതാവിനെ മാവോയിസ്റ്റ് ഹീറോ ആയി വാഴ്ത്തും എന്ന കാരണം കൊണ്ടാണ് മൃതദേഹം വിട്ട് നല്‍കാന്‍ സര്‍ക്കാര്‍ വിമൂഖത കാട്ടുന്നത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ ഫ്രീസറില്‍വെക്കാതെ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും സിസിപി ആരോപിക്കുന്നു.