പത്തനംതിട്ട : സമൂഹത്തിൽ പാർശ്വവൽക്കരിക്കപെട്ടവരെ സഹായിക്കുന്നവരാണ് യഥാർത്ഥ പൊതുപ്രവർത്തകരെന്ന് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിൻ മെത്രാപോലീത്ത. ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ. എ സുരേഷ് കുമാർ ഇരുപത്തിയഞ്ചു വർഷമായി നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഈ വർഷത്തെ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ മാറ്റം ഉണ്ടാകണമെങ്കിൽ വിദ്യാഭ്യാസമുള്ള ജനത ഉണ്ടാകണം. വിദ്യാഭ്യാസം എത്രത്തോളം ചെയ്യാൻ കഴിയുമോ അത്രത്തോളം ചെയ്യാൻ കുട്ടികൾ തയ്യാറാകണം. ഇതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ പ്രസ്ഥാനങ്ങളും സംഘടനകളും തയ്യാറാകണമെന്നും സെറാഫിൻ മെത്രാപോലീത്ത പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകനായ അഡ്വ. എ സുരേഷ് കുമാർ മുടങ്ങാതെ 25 വർഷമായി നടത്തിവരുന്ന സഹായ പദ്ധതി എല്ലാംവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കുട്ടികൾക്ക് കൈത്താങ്ങാക്കുവാൻ കഴിഞ്ഞ 25- വർഷം കൊണ്ട് കഴിഞ്ഞത് ആത്മ സംത്രിപ്പി നൽകുന്നതായി എ സുരേഷ് കുമാർ പറഞ്ഞു.
കൗൺസിലർ ഷീന രാജേഷ് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാധ്യക്ഷ ഗീത സുരേഷ്, കെ എസ് യു സംസ്ഥാന സെക്രട്ടറി നിതിൻ മണക്കാട്ടൂമണ്ണിൽ, നാസർ തോണ്ടമണ്ണിൽ ,ബൈജു ഭാസ്കർ, രഘുരാജൻ നായർ, ഉണ്ണികൃഷ്ണൻ മേലെവീട്, ഷീജ യൂസഫ്, മിനി രാജേഷ്, അജീന സുനിൽ,യൂസഫ് വലംചുഴി എന്നിവർ പ്രസംഗിച്ചു.