ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്ന മലയാള ചിത്രം ഒറ്റയുടെ ട്രെയിലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബർ 27 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബാല്യമോ കൗമാരമോ യൗവനമോ ആയിക്കൊള്ളട്ടെ. ജീവിതത്തിലേൽക്കുന്ന അടയാളങ്ങളെ ഓർമിപ്പിക്കുന്ന അനുഭവങ്ങൾ ജീവിതയാത്രയിൽ ഓരോരുത്തരെയും തേടിയെത്തികൊണ്ടേയിരിക്കും. രക്ഷപെടാന്‍ തേടുന്ന വഴികൾ ചിലപ്പോഴൊക്കെ പാളിപ്പോകാം. നമ്മളൊന്ന് കണ്ണ് തുറന്ന് നോക്കിയാൽ കാണാം നമുക്ക് ചുറ്റും അങ്ങനെയുള്ള പല ജീവിതങ്ങളും. ആ ജീവിതകഥകളെ ഓർമ്മിപ്പിക്കുന്നതാണ് ട്രെയിലർ.
റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. പ്രധാന വേഷം ചെയ്യുന്ന ആസിഫ് അലിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ എത്തുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് എസ് ഹരിഹരന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത ഓർമ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്റെ ഒരു നേർക്കാഴ്ചയാണ് ചിത്രം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ തോന്നും വിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയിലർ.