ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ ടാറ്റയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലും ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളില്‍ ഒന്നുമാണ് നെക്‌സോണ്‍. വമ്പന്‍ അപ്‌ഡേറ്റുകളുമായി നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ ദിവസം വിപണിയിലെത്തിയിരിക്കുകയാണ്. അടിസ്ഥാന വേരിയന്റിന് 8.09 ലക്ഷം രൂപ മുതലും ടോപ്പ് എന്‍ഡ് വേരിയന്റിന് 15.49 ലക്ഷം രൂപ വരെയും വളരെ വിശാലമായ പ്രൈസ് റേഞ്ചിലാണ് ടാറ്റ മോട്ടോര്‍സ് നെക്സോണിനെ വാഗ്ദാനം ചെയ്യുന്നത്. ഒരു ആഡംബര വിവാഹത്തിന്റെ മെനുവിനെ തോല്‍പ്പിക്കും വിധമാണ് നെക്‌സോണിന്റെ വേരിയന്റ് ലിസ്റ്റ് എന്ന് പറയേണ്ടി വരും. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്നിങ്ങനെ നാല് ട്രിം ലെവലുകളിലായാണ് സബ് 4 മീറ്റര്‍ എസ്‌യുവി ഓഫര്‍ ചെയ്യുന്നത്. വൈവിധ്യവും വ്യത്യസ്തവുമായ കോംപിനേഷനുകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍ എന്നതിനാല്‍ തന്നെയാണ് ടാറ്റ ഇത്രയും നീളമേറിയ വേരിയന്റ് പട്ടിക വാഗ്ദാനം ചെയ്യുന്നത്.
5-സ്പീഡ് MT, 6-സ്പീഡ് MT, 6-സ്പീഡ് AMT, DCA എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്മാര്‍ട്ട് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം പ്യുവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് ട്രിമ്മുകള്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി വരുന്നു. 6 സ്പീഡ് AMT-യും 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടെ രണ്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒപ്ഷനും ലഭിക്കുന്നു . 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വരുന്നത്. മോണോടോണ്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ലഭ്യമാണ്. ഫിയര്‍ലെസ് പര്‍പ്പിള്‍, പ്യുവര്‍ ഗ്രേ, ക്രിയേറ്റീവ് ഓഷ്യന്‍, ഡേടോണ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നിവയാണ് എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍.
ടാറ്റ നെക്സോണ്‍ 39 പെട്രോള്‍ വേരിയന്റുകളും 30 ഡീസല്‍ വേരിയന്റുകളുമടക്കം 69 സബ് വേരിയന്റുകളില്‍ വ്യാപിച്ചുകിടക്കുന്നു. ബജറ്റ് വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ലോ എന്‍ഡ് വേരിയന്റുകള്‍ മുതല്‍ സുഖസൗകര്യങ്ങള്‍ തേടുന്നവരെ തൃപ്തിപ്പെടുത്തുന്ന ടോപ്‌സ്‌പെക്ക് വേരിയന്റുകളും ഇതില്‍ വരുന്നു.