കൊച്ചി: ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍ പതിനായിരത്തിലേറെ പേര്‍ക്ക് ലഹരി എത്തിച്ചിട്ടുണ്ടെന്ന് നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍. ഇടപാടുകാരെ കണ്ടെത്താന്‍ എഡിസനെയും കൂട്ടാളിയെയും ഉടന്‍ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും എന്‍സിബി സൂചന നല്‍കി. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ചായിരുന്നു എഡിസന്‍റെ ഡാര്‍ക്ക് വെബ് ലഹരി കച്ചവടമെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. പതിനായിരത്തിലേറെ പേര്‍ക്ക് ഒരു വര്‍ഷത്തിനിടെ എഡിസന്‍ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാം പാഴ്സല്‍ വഴിയാണ് ഇടപാടുകാര്‍ക്ക് എത്തിച്ചത്. ഇടപാടുകാരുമായി കോഡ് ഭാഷയിലാണ് എഡിസന്‍ ആശയവിനിമയം നടത്തിയിരുന്നത്. ഈ കോഡുകള്‍ ഡീകോഡ് ചെയ്യുകയെന്നതാണ് എന്‍സിബിയ്ക്ക് മുന്നിലുളള വെല്ലുവിളി.
ലഹരി കടത്തിന് എഡിസനും കൂട്ടാളി തോമസ് ജോര്‍ജും ചില ഇടനിലക്കാരുടെ സഹായവും തേടിയിരുന്നു. ഇവരെയും കണ്ടെത്തേണ്ടതുണ്ട്. ഇടുക്കി പാഞ്ചാലിമേട്ടില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ദമ്പതികളെ 2022ല്‍ എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖലയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന എഡിസനെയും കൂട്ടാളി തോമസ് ജോര്‍ജിനെയും വൈകാതെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് നര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ.