ആഗോളതലത്തിൽ ഇന്ന് നേരിടുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് പൊണ്ണത്തടി. ഏകദേശം 650 മില്ല്യൺ ആളുകൾ പൊണ്ണത്തടിയുടെ വിഷമതകൾ അനുഭവിക്കുന്നുണ്ടെന്നാണ് 2016-ലെ ലോകാരോഗ്യസംഘടനയുടെ കണക്കെടുപ്പിൽ വ്യക്തമാകുന്നത്. ഈ ജീവിതശൈലീ രോഗം ഹൃദയാഘാതം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്.
സന്തുലിതമായ ഭക്ഷണക്രമവും ആരോഗ്യപരമായ ജീവിതശൈലിയും പിന്തുടർന്ന് ശരീരഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തുകയും ചെയ്താൽ പൊണ്ണത്തടി ഒരുപരിധിവരെ കുറയ്ക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നതല്ല പൊണ്ണത്തടിക്കു കാരണമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയാണ് പൊണ്ണത്തടിക്ക് ആധാരമെന്ന് പഠനം വ്യക്തമാക്കുന്നു.
ക്ലിനിക്കൽ ന്യൂട്രീഷൻ എന്ന അമേരിക്കൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനു മറ്റൊരു പോംവഴി തേടണമെതിലേക്കാണ് ഈ കണ്ടുപിടിത്തം വിരൽ ചൂണ്ടുന്നത്. ശരീരഭാരം വർധിക്കുന്നതിന്റെ ജൈവികകാരണങ്ങൾ മനസ്സിലാക്കുന്നതിന് ഊർജ സന്തുലിത മാതൃക സഹായിച്ചില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹാർവാഡ് മെഡിക്കൽ സ്കൂളിലെ പ്രൊഫസറും ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എൻഡോക്രിനോളജിസ്റ്റുമായ ഡോ. ഡേവിഡ് ലഡ്വിങ് പറഞ്ഞു.
നിലവിലെ പൊണ്ണത്തടി വ്യാപനത്തിന് പ്രധാനകാരണം ആധുനിക ഭക്ഷണരീതിയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
കാർബോ ഹൈഡ്രേറ്റും അന്നജവും അധികമായി അടങ്ങിയ ഭക്ഷണമാണ് നമ്മൾ കഴിക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ ചയാപചയ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതിനും ശരീരഭാരം വർധിക്കുന്നതിനും പൊണ്ണത്തടിക്കും ഇത് കാരണമാകുന്നു-പഠനം കൂട്ടിച്ചേർത്തു.
എന്നാൽ തങ്ങളുടെ കണ്ടെത്തൽ ശരീരഭാരം കുറയ്ക്കുന്നതിനു എത്രത്തോളം ഫലപ്രദമാണെന്നു കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം വ്യക്തമാക്കി.