ശബരിമല: സന്നിധാനത്തും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 20000 രൂപ പിഴയീടാക്കി. ഡിസംബര്‍ 17 മുതല്‍ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ കീഴില്‍ രൂപീകരിച്ച പുതിയ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ക്ക് പിഴ ചുമത്തിയത്. റവന്യു, ലീഗല്‍ മെട്രോളജി, ആരോഗ്യ വകുപ്പ്, ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്നത്.
അമിതവില ഈടാക്കിയ രണ്ടു പാത്രക്കടകള്‍ക്ക് 5000 രൂപ വീതവും അമിതവില ഈടാക്കിയ ശരംകുത്തിയിലെ ഹോട്ടലിന് 5000 രൂപയും മുദ്ര പതിപ്പാക്കാത്ത ത്രാസ് ഉപയോഗിച്ചു കച്ചവടം നടത്തിയ സന്നിധാനത്തെ വ്യാപാരസ്ഥാപനത്തിന് 2000 രൂപയും ശരംകുത്തിയിലെ മറ്റൊരു ഹോട്ടലിന് 3000 രൂപയും ഉള്‍പ്പെടെയാണ് 20000 രൂപ പിഴ ഈടാക്കിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ആഹാരം പാകം ചെയ്യുന്ന കടകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു കര്‍ശനനടപടിക്കു ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി.
വിലനിലവാരം, വൃത്തി, ഗുണനിലവാരം, ഹോട്ടല്‍ ജീവനക്കാരുടെ ആരോഗ്യകാര്‍ഡ്, അളവ് തൂക്കത്തിലെ കൃത്യത, വില പ്രദര്‍ശിപ്പിക്കല്‍ എന്നിവ പരിശോധിച്ചു വീഴ്ച വരുത്തിയ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച ബാറ്ററി ചാര്‍ജിങ് കേന്ദ്രത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി.
സന്നിധാനത്തും പരിസരങ്ങളിലും അനധികൃതമായി പ്രവര്‍ത്തിച്ച ലോട്ടറി കച്ചവടക്കാരില്‍നിന്നു ലോട്ടറി പിടിച്ചെടുത്തശേഷം താക്കീതു ചെയ്തു. അയ്യപ്പഭക്തന്മാരെ ചൂഷണം ചെയ്യുന്നതോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ടി. മുരളി അറിയിച്ചു.
സന്നിധാനവും പരിസരവും പല മേഖലകളായി തിരിച്ചു സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ പോലീസ് ബാരക്കിലേക്ക് പോകുന്ന വഴിയുടെ വശത്തായി കൂട്ടിയിരിട്ടിരുന്ന മാലിന്യങ്ങള്‍ മുഴുവനും ജെ.സി.ബി. ഉപയോഗിച്ചു നീക്കം ചെയ്തു. അടഞ്ഞു കിടന്ന ഓടകള്‍ വൃത്തിയാക്കിയും മാലിന്യങ്ങള്‍ നീക്കിയും സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നുണ്ട്.