നെടുങ്കണ്ടം : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് 85 കാരനായ പിതാവിന്റെ ഓക്സിജന്‍ സിലിണ്ടര്‍ വിട്ടുനല്‍കാതെ മകള്‍. നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മകളുടെ കടുത്ത നീക്കത്തിന് പിന്നിലെന്നാണ് സൂചന. സിലിണ്ടര്‍ വിട്ടുനല്‍കാന്‍ പോലീസും നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും മകള്‍ തയ്യാറായില്ല.
സ്വത്ത് വീതം വെച്ചതോടെ പിതാവിന്റെ സംരക്ഷണം ഒരു മകള്‍ ഏറ്റെടുത്തു. വര്‍ഷങ്ങളായി ശ്വാസ തടസ്സമുള്ള പിതാവിന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് 500 രൂപ മാസ വാടകയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ നല്‍കിയിരുന്നു. സ്വത്ത് വീതം വെക്കുന്നതുവരെ പിതാവിനെ പരിപാലിച്ചിരുന്ന മകളുടെ വീട്ടിലായിരുന്നു സിലിണ്ടര്‍. സ്വത്ത് വീതം വെച്ചതിനു ശേഷം പിതാവിനെ ഏറ്റെടുത്ത മറ്റൊരുമകള്‍ സിലിണ്ടര്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിട്ടു നല്‍കാന്‍ സഹോദരി തയ്യാറായില്ല.
ഒരു ലക്ഷം രൂപ വിലയുള്ള സിലിണ്ടറിന്റെ ജാമ്യം താനാണെന്നും സിലിണ്ടറിന് കേടുപാട് സംഭവച്ചാല്‍ ഉത്തരവാദിത്തം തനിക്കാകുമെന്നുമാണ് ഈ മകളുടെ വാദം. എന്നാല്‍, സിലിണ്ടറിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍ സന്നദ്ധത അറിയിച്ചിട്ടും വിട്ടു നല്‍കാന്‍ മകള്‍ തയ്യാറായില്ല. പോലീസും നാട്ടുകാരും ആരോഗ്യവകുപ്പ് ഡോക്ടര്‍മാരും ഇടപെട്ടിട്ടും സിലിണ്ടര്‍ വിട്ടുനല്‍കാന്‍ മകള്‍ കൂട്ടാക്കിയില്ല. വിഷയം പരിഹരിക്കാന്‍ ചര്‍ച്ച പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പും പോലീസും ജനപ്രതിനിധികളും അറിയിച്ചു. പരിഹാരമായില്ലെങ്കില്‍ കടുത്ത നടപടിയിലേക്കു പോകാനാണു പോലീസിന്റെ തീരുമാനം.
ഒരു പുത്രന്‍ അടക്കം നാല് മക്കളാണ് എണ്‍പത്തിനാലുകാരനായ വയോധികനുള്ളത്. ഇതില്‍ മകന്‍ പിതാവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറല്ല. ഒരു മകളെ തമിഴ്നാട്ടിലാണ് വിവാഹം ചെയ്ത് അയച്ചത്. രണ്ട് പെണ്‍മക്കള്‍ മാറിമാറിയാണ് പിതാവിനെ സംരക്ഷിച്ചു വന്നിരുന്നത്. സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടം സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.