ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ ബത്ര ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ ഡോക്ടറുൾപ്പെടെ 8 കോവിഡ് രോഗികൾ മരിച്ച സംഭവത്തിനു പിന്നാലെ ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ ഇടപെടലുകളുമായി സുപ്രീംകോടതി. ഡൽഹിക്കു വകയിരുത്തിയ ഒക്സിജൻ ക്വോട്ടയുടെ കുടിശ്ശിക തിങ്കളാഴ്ച അർധരാത്രിക്കു മുമ്പ് വിതരണം ചെയ്യണമെന്നു കേന്ദ്രസർക്കാരിനു സുപ്രീംകോടതി നിർദേശം നൽകി.
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് ഉത്തരവ്. ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ആശുപത്രികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ പൊതുമാർഗരേഖ പുറത്തിറക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
നിലവിലെ വാക്സീൻ നയം പൊതു ആരോഗ്യ അവകാശത്തിനു എതിരായി മാറുന്നുവെന്നു കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പാർശ്വവൽകൃത വിഭാഗങ്ങൾക്ക് പണം നൽകി വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞേക്കില്ല. ഇത് ദേശവ്യാപകമായി വിവേചനത്തിന് കാരണമാകും.
കേന്ദ്രസർക്കാർ നിർമ്മാതാക്കളുമായി കൂടിയാലോചന നടത്തി വാക്സീൻ വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു. വാക്സീൻ നയത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് ഇപ്പോൾ ഉത്തരവ് ഇറക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ സ്വമേധയാ നയത്തിൽ പുനരാലോചന നടത്തണമെന്നും കോടതി വ്യക്തമാക്കി.
മരുന്നും ഓക്സിജനും ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ സാമഗ്രികൾക്കുള്ള വില പരമാവധി വിലയ്ക്കു മുകളിൽ പോകുന്നില്ലെന്ന് ഉറപ്പിക്കാൻ ഡൽഹി സർക്കാരിനോട് ഹൈക്കോടതിയും നിർദേശിച്ചു. ഓക്സിജൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കുമെന്നു കഴിഞ്ഞദിവസം ഹൈക്കോടതി പറഞ്ഞിരുന്നു.
കരിഞ്ചന്തയും പൂഴ്ത്തിവെയ്പും നടത്തുന്നവരെ കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻ പോലീസിനോട് നിർദേശിച്ച ഡൽഹി ഹൈക്കോടതി, ഇവർക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുമെന്നും വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട കേസുകളിൽ അവധി ദിനമായിട്ടും പ്രത്യേക വാദം കേൾക്കുകയായിരുന്നു കോടതി.
ഡൽഹി സർക്കാർ ടാങ്കറുകൾ ലഭ്യമാക്കാത്തതു കൊണ്ടാണ് ഓക്സിജൻ നൽകാൻ കഴിയാത്തതെന്ന വാദം കേന്ദ്രം ആവർത്തിച്ചെങ്കിലും കോടതി ഇതു ചോദ്യംചെയ്തു. ഇക്കാര്യത്തിൽ കൂടി കേന്ദ്രത്തിനു സഹായിച്ചാൽ എന്താണെന്നും ഡൽഹി വ്യവസായിക സംസ്ഥാനമല്ലെന്നിരിക്കെ ടാങ്കറുകൾ കണ്ടെത്താൻ പ്രയാസമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.