ന്യൂഡൽഹി : രണ്ടാം കോവിഡ് തരംഗം ഇന്ത്യയില്‍ പിടിവിട്ട് കുതിക്കുന്നതിനിടെ സഹായഹസ്തം നീട്ടി ചൈന. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ഇന്ത്യയുടെ ആവശ്യങ്ങൾക്ക് സഹായം നൽകുമെന്ന് അവർ വ്യക്തമാക്കി. ചൈനയുടെ വാഗ്ദാനം പൂർണമായും തള്ളാത്ത ഇന്ത്യ, ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം പോസിറ്റീവ് ആണെന്ന് വിലയിരുത്തുന്നു.
ഓക്സിജൻ അടക്കമുള്ള മെഡിക്കൽ ആവശ്യങ്ങൾക്ക് ചൈനീസ് കമ്പനികളെ സമീപിക്കുന്നതിനുള്ള സാധ്യത ഇന്ത്യ തള്ളിക്കളഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തിൽ ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്നും ചൈനീസ് അധികൃതർ പറയുന്നു. നിലവിൽ സിംഗപ്പൂർ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്ന് ഓക്സിജന്‍ എത്തിക്കുന്നതിനാണ് ഇന്ത്യ മുന്‍ഗണന നൽകുന്നത്.
ഇന്ത്യയുടെ കോവിഡ് സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളാണ് ചൈനീസ് മാധ്യമങ്ങളിലെ പ്രധാന വാർത്ത. കോവിഡ് പടരുന്ന സാഹചര്യത്തിലും ഇന്ത്യൻ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ അടിയന്തര ആവശ്യങ്ങൾക്കുള്ള സഹായം ചൈന വാഗ്ദാനം ചെയ്തത്.
വരുന്ന കുറച്ച് ആഴ്ചകൾക്കുള്ളിൽ ലോക മാർക്കറ്റിൽനിന്ന് ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിങ്ങനെയുള്ള ഉപകരങ്ങൾ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ ശ്രമം. ജർമന്‍ കമ്പനിയായ ലിൻഡേ, ടാറ്റയുമായി ചേര്‍ന്ന് 24 ഓക്സിജൻ പ്ലാന്റുകള്‍ വിമാനമാര്‍ഗം ഇന്ത്യയിലേത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദേശത്തെ ഉദ്ധരിച്ച് ഇന്ത്യയിലെ ജർമൻ എംബസി വ്യക്തമാക്കി.