ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഓക്സിജൻ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണവും വാക്സിനേഷന്റെ ക്രമീകരണവും എങ്ങനെയാണെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. വിഷയത്തിൽ കോടതി നോട്ടിസ് അയച്ചു. പ്രതിദിന കണക്കിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് ഈ ചോദ്യം ചോദിക്കാൻ കോടതി തിരഞ്ഞെടുത്തതും.
വിഷയത്തിൽ എന്താണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ചോദിച്ചു. രാജ്യമെങ്ങുമുള്ള ആറു ഹൈക്കോടതികൾ സമാന ഹർജികളിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയും വിഷയത്തിൽ ഇടപെടുന്നത്. ഓക്സിജൻ വിതരണം, ആശുപത്രികളിലെ കിടക്കകൾ, റെംഡെസിവിർ മരുന്നുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ഹർജികളാണ് വിവിധ ഹൈക്കോടതികളിൽ പരിഗണിക്കുന്നത്. ഡൽഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊൽക്കത്ത, അലഹാബാദ് ഹൈക്കോടതികളാണ് ഇത്തരം ഹർജികൾ പരിഗണിക്കുന്നത്.