കോട്ടയം: സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം നാനാടത്തേയും അക്കരപ്പാടത്തേയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന അക്കരപ്പാടം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
താഴേത്തട്ടിലെ വികസനം എന്ന കാഴ്ചപ്പാടോടെയാണ് കിഫ്ബിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തത്. കിഫ്ബിയില്‍ നിന്നു 16.89 കോടി രൂപ ചെലവിട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണു പാലം നിര്‍മ്മിക്കുന്നത്. അക്കരപ്പാടം പ്രദേശത്തെ കൃഷി, കയര്‍, മത്സ്യബന്ധ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ മെച്ചപ്പെടുത്താന്‍ പാലത്തിന്റെ നിര്‍മ്മാണം ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. സി.കെ. ആശ എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന്റെ പടിഞ്ഞാറ് ഭാഗമായ അക്കരപ്പാടത്തേയും കിഴക്ക് ഭാഗമായ നാനാടത്തേയും തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് 150 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലത്തിന്റെ നിര്‍മ്മാണം. 30 മീറ്റര്‍ നീളത്തില്‍ അഞ്ചു സ്പാനോടു കൂടി നിര്‍മ്മിക്കുന്ന പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും വിഭാവനം ചെയ്യുന്നു. 18 മാസമാണ് നിര്‍മ്മാണ കാലാവധി. നിലവില്‍ അക്കരപ്പാടം നിവാസികള്‍ പുഴ കടക്കാന്‍ കടത്ത് വള്ളമാണ് ആശ്രയിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതിയാകും
ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ ആനന്ദവല്ലി, ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം ടി.പി രാജലക്ഷ്മി, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. ബിന്ദു, അക്കരപ്പാടം പാലം നിര്‍മാണ കമ്മറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, കണ്‍വീനര്‍ എ.പി നന്ദകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. അരുണന്‍, സാബു പി. മണലൊടി, അഡ്വ. കെ.പി ശിവജി, പി.ഡി. സരസന്‍, എം.ജെ. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.