അടൂര്‍ : മൈക്രോ ഫിനാന്‍സ് വായ്പയുടെ പേരില്‍ ഇലവുംതിട്ടയില്‍ ഗുണ്ടാ ആക്രമണം. അടൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രൊഡ്യുസര്‍ കമ്പനി ലിമിറ്റഡ് (Travancore Rural Development Producer Company Ltd (TRAVANCO), എന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതരമായ ആരോപണം. കമ്പിനിയില്‍ നിന്നും 35000 രൂപാ വായ്പ എടുത്ത ഇലവുംതിട്ട മുട്ടത്തുകോണം ചരിവുപറമ്പില്‍ വീട്ടില്‍ സൌമ്യാ വിനോദിനാണ് മര്‍ദ്ദനമേറ്റത്. ഇവരെ ഗുരുതരമായ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ മര്‍ദ്ദിച്ച ട്രാവന്‍കൂര്‍ മൈക്രോ ഫിനാന്‍സ് കമ്പിനിയിലെ ജീവനക്കാരി ഷിജിമോള്‍ക്കെതിരെ സൌമ്യ വിനോദ് പോലീസില്‍ മൊഴി നല്‍കി. അടൂരില്‍ ആയിരുന്നു ട്രാവന്‍കൂര്‍ മൈക്രോ ഫിനാന്‍സ് കമ്പിനിയുടെ ഓഫീസ്. ഇവര്‍ അടുത്ത നാളില്‍ പത്തനംതിട്ട പഴയ ബസ്സ് സ്റ്റാന്റിനു സപീപം പുതിയ ബ്രാഞ്ച് തുടങ്ങിയെന്നും സൌമ്യ പറയുന്നു.
അടൂര്‍ ബ്രാഞ്ചില്‍ നിന്നുമാണ് ഇവര്‍ 35000 രൂപാ വായ്പ എടുത്തത്. 506 രൂപ വീതം 84 ആഴ്ചകൊണ്ട് 42504 രൂപ തിരിച്ചടക്കണം എന്നായിരുന്നു ധാരണ. മിക്കപ്പോഴും ഗൂഗിള്‍ പേ ആപ്പ് മുഖേനയായിരുന്നു ഇവര്‍ പണം അടച്ചിരുന്നത്. ഇപ്രാവശ്യത്തെ തവണ അടക്കാന്‍ താമസിച്ചപ്പോള്‍ ട്രാവന്‍കൂര്‍ മൈക്രോ ഫിനാന്‍സ് കമ്പിനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണെന്നു പറഞ്ഞ് സിബി എന്ന വനിതാ ജീവനക്കാരിയും ഗുണ്ടാ സംഘവും താന്‍ ഇല്ലാതിരുന്നപ്പോള്‍ തന്റെ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഇവര്‍ തന്നെ മര്‍ദ്ദിക്കുകയും തന്നെയും തന്റെ ഭര്‍ത്താവിനെയും അപമാനിക്കുകയും ചെയ്തു എന്നാണ് സൌമ്യ പറയുന്നത്. ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റിന്റെ ബന്ധുവാണ് താനെന്നും തന്നെ ഒരു ചുക്കും ചെയ്യില്ലെന്നും സിബി പറഞ്ഞതായി സൌമ്യ പറയുന്നു. ഇതിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും നിയമപരമായി നീങ്ങിയിട്ടുണ്ടെന്നും ട്രാവന്‍കൂര്‍ റൂറല്‍ ഡെവലപ്മെന്റ് പ്രൊഡ്യുസര്‍ കമ്പനി ലിമിറ്റഡിന്റെ മാനേജര്‍ ജയചന്ദ്രന്‍ നായര്‍ പറഞ്ഞു.