തിരുവനന്തപുരം: ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് നടപടി നീതി പൂര്‍വ്വമായ തീരുമാനം എന്ന് പ്രതികരിച്ച് പിജെ ജോസഫ്. കെ.എം മാണിയുള്ള കാലത്തെ ധാരണയാണ് ജോസ് കെ. മാണി തെറ്റിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നേതൃത്വമാണ് ആ ധാരണ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഒമ്പത് ദിവസം കൊണ്ട് രാജിവെക്കണമെന്ന് യു.ഡി.എഫ് തീരുമാനമെടുത്തു.
എന്നാല്‍ ധാരണയുണ്ടെന്ന് പോലും അവര്‍ സമ്മതിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു. യു.ഡി.എഫ് തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് സ്ഥാനമില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞിട്ട് കേട്ടില്ല. അവിടെ തോല്‍വി ഏറ്റുവാങ്ങിയതാണ്. കെ.എം മാണി ഉള്ളപ്പോള്‍ എടുത്ത നിലപാടും ഭരണഘടനയും അംഗീകരിച്ചില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. പുതിയ ജോസ് ഗീബല്‍സ് വന്നിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു . ചിഹ്നം വേണ്ട കെ.എം മാണിയാണ് പാര്‍ട്ടി ചിഹ്നം എന്ന് പ്രഖ്യാപിച്ചത് ജോസ് കെ മാണിയാണ്. പിന്നെ ആക്ഷേപം പറയുന്നത് ശരിയല്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു.
എന്നാല്‍ ജോസഫിന്റെ ആക്ഷേപത്തെ ജോസ് കെ.മാണി പക്ഷം അവജ്ഞയോടെ തള്ളി. ഇപ്പോള്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പി.ജെ ജോസഫിനൊപ്പം ആരുമുണ്ടാകില്ലെന്നും വഴിയേപോയ വയ്യാവേലിയെ എടുത്ത് മടിയില്‍ വെച്ചത് മാണിസാര്‍ ആയിരുന്നെന്നും അതിന്റെ നന്ദി പി.ജെ ജോസഫ് കാണിച്ചില്ലെന്നും ജോസ് പക്ഷം പറയുന്നു. പി.ജെ ജോസഫിന്റെ വിമാനയാത്രാ വിവാദവും കേസുമൊന്നും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ലെന്നും അന്ന് കൂടെ നിര്‍ത്തി സംരക്ഷിച്ച മാണിക്കും മാണിയുടെ പാര്‍ട്ടിക്കുമെതിരെ പി.ജെ ജോസഫ് പ്രവര്‍ത്തിക്കുന്നതില്‍ അതിശയപ്പെടാനില്ലെന്നും ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.