തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി ജെ ജോസഫ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ രഹസ്യമായി കണ്ടത് കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് സൂചന. നേരത്തെ മുതല്‍ എല്‍.ഡി.എഫ് സഹചാരിയായിരുന്ന പി.ജെ ജോസഫ് ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നണിയുടെ ഭാഗമായിട്ടായിരിക്കും പി.ജെ ജോസഫ് മല്‍സരിക്കുക. തുടര്‍ഭരണത്തിന് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇടതുപക്ഷത്തോട് ഒട്ടി നില്‍ക്കുവാനാണ് ജോസഫിന് ഏറെ താല്‍പ്പര്യം. കൂടെവന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കമുള്ളവര്‍ക്ക് പദവികള്‍ നല്കി പാര്‍ട്ടിയില്‍ ഉറപ്പിച്ചു നിര്‍ത്താമെന്നും ജോസഫ് കണക്കുകൂട്ടുന്നു.
കേരള രാഷ്ട്രീയം പ്രത്യേകിച്ച് കേരള കോൺഗ്രസ് രാഷ്ട്രീയം എന്നും പ്രവചനാതീതമാണ്. ഗൺമാനെയും പേഴ്സണൽ സ്റ്റാഫിനെയും ഒഴിവാക്കി തനിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറിയിൽ ഏതാണ്ട് മുക്കാൽ മണിക്കൂർ അടുത്ത് ജോസഫ് ചർച്ച നടത്തി. ചർച്ചയ്ക്കുശേഷം തിരികെ ഇറങ്ങുമ്പോൾ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോട് സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ ശ്ളാഘിച്ച് സംസാരിക്കുകയും ചെയ്തു. കേവലം സാധാരണഗതിയിൽ ഉള്ള ഒരു കൂടിക്കാഴ്ചയായി രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരും മുഖ്യമന്ത്രിയും ജോസഫും തമ്മിലുള്ള കൂടിക്കാഴ്ചയെ കാണുന്നില്ല, മറിച്ച് ജോസഫിന്റെ പുതിയ രാഷ്ട്രീയ മനം മാറ്റത്തിന്റെ സൂചനയായിട്ടാണ് കാണുന്നത്.
കേരള കോൺഗ്രസ് എമ്മിലെ അധികാരത്തർക്കത്തിൽ ജോസ് പക്ഷവും ജോസഫ് പക്ഷവും അസംതൃപ്തരാണ്. കോട്ടയം ജില്ലാ പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭകളിലെ അധികാരതർക്കവും കേരള കോൺഗ്രസിന്റെ ചിഹ്ന വിഷയത്തിൽ താമസംവിനാ വരാനിരിക്കുന്ന ഇലക്ഷൻ കമ്മീഷൻ തീരുമാനവും മുന്നിൽ കണ്ടുകൊണ്ടാണ് ജോസഫ് അടവുനയത്തിലേക്ക് വഴി മാറിയെന്നാണ് ലഭിക്കുന്ന സൂചന. കോൺഗ്രസിനെ ഭീഷണിപ്പെടുത്തി തന്റെ രാഷ്ട്രീയ ലക്ഷ്യം പൂർത്തീകരിക്കുക. ഇടത് മുന്നണിയോട് പ്രത്യേകിച്ച് പിണറായി വിജയനോട് മൃദു സമീപനം സ്വീകരിച്ച് വേണ്ടിവന്നാൽ തനിക്ക് ഇടതുമുന്നണി അഭയം നൽകുമെന്ന് കോൺഗ്രസിനെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് ജോസഫിന്റെ മനസ്സിൽ എന്നാണ് കരുതുന്നത്. കഴിഞ്ഞദിവസം ഇടുക്കി രൂപതയുടെ പ്രഥമാധ്യക്ഷൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മൃത സംസ്കാര ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് സംസാരിക്കുന്നതിന് ക്ഷണിച്ചപ്പോഴും ജോസഫ് അനവസരത്തിലും പിണറായി സർക്കാരിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.
1977 മുതൽ പിജെ ജോസഫിന്റെ രാഷ്ട്രീയം പഠിക്കുന്നവർക്ക് ഇരുമുന്നണികളും അദ്ദേഹത്തിന് അനഭിമതരല്ല എന്ന് മനസ്സിലാക്കാൻ കഴിയും. കൂടാതെ ഇക്കരെ നിൽക്കുമ്പോൾ അക്കരെ ഒരു കണ്ണ് എന്നും ജോസഫിന് ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. എന്തായാലും കേരള രാഷ്ട്രീയത്തിൽ മറ്റൊരു ചർച്ചയ്ക്ക് കൂടി വഴിമരുന്നിടുന്ന ഒന്നായി ജോസഫ് പിണറായി കൂടികാഴ്ച. തലസ്ഥാന നഗരിയിൽ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം നടക്കുന്ന ദിവസം തന്നെയാണ് ജോസഫ് ഈ കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുത്തതെന്ന കൗതുകം കൂടിയുണ്ട്. കോവിഡാനന്തര കേരള രാഷ്ട്രീയം പുതിയ രാഷ്ട്രീയത്തിന്റെയും മുന്നണി മാറ്റത്തിന്റെ യും ആകുമെന്നാണ് തലസ്ഥാനത്തു നിന്നും ലഭിക്കുന്ന സൂചനകൾ.