പത്തനംതിട്ട : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക സംഭവത്തെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ, കൊടിമരങ്ങൾ, സ്മൃതി മണ്ഡപങ്ങൾ എന്നിവക്കെതിരെ സി.പി.എം പ്രവർത്തകർ നടത്തിയ വ്യാപകമായ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സി.പി.എം അക്രമം അവസാനിപ്പിക്കുക, കേരളത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസി ആഹ്വാനം അനുസരിച്ച് ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പത്തനംതിട്ട രാജീവ് ഭവൻ അങ്കണത്തിൽ നടത്തിൽ ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെഞ്ഞാറമൂട്ടിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്നും ഇതെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറുവാൻ സർക്കാർ തയ്യാറകണമെന്നും പി.ജെ കുര്യന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന ഭരണം അഴിമതിയുടെ ചെളിക്കുണ്ടായിമാറി. സ്വർണകള്ളക്കടത്തുകാർക്കും ലഹരിമാഫിയക്കും വരെ ഒത്താശ ചെയ്യുന്ന ഭരണ നേതൃത്വമാണ് കേരളത്തിലുള്ളത്. വെഞ്ഞാറമൂട്ടിൽ നടന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെ മേൽ ചാരി പ്രവർത്തകരേയും സ്ഥാപനങ്ങളേയും ആക്രമിക്കുന്ന സിപിഎമ്മിന്റെ ഫാസിസ്റ്റ് നടപടികൾ അവസാനിപ്പിക്കുവാൻ ഭരണം നിയന്ത്രിക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയ്യാറാകണമെന്ന് പി.ജെ.കുര്യൻ ആവശ്യപ്പെട്ടു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, കെ.ശിവദാസൻ നായർ, പഴകുളം മധു, മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, യുഡിഎഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾസലാം, ലാലു ജോൺ, സുനിൽ.എസ്.ലാൽ, വി.ആർ.സോജി, ജോൺസൺ വിളവിനാൽ, എം.സി.ഷെറിഫ്, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, സലീം.പി.ചാക്കോ എന്നിവർ പ്രസംഗിച്ചു.