കണ്ണൂര്‍: പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ് പി ജയരാജന്‍. ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഷംസീറിന് ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം. ഇതിനെതിരെയാണ് ജയരാജന്റെ പ്രതികരണം.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യജ്യോതി പരിപാടിയില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.