കോന്നി: കോന്നി മെഡിക്കൽ കോളേജ് അടിയന്തിരമായി തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് കെപിസിസി അംഗം പി. മോഹൻരാജ് ആവശ്യപ്പെട്ടു.
കോവിഡ് 19 പോലെയുള്ള ഏതു അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കവുമായിട്ടാണ് ഉമ്മൻചാണ്ടിയുടെ നേതൃത്തിലുളള യു.ഡി.ഫ് സർക്കാർ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് ആരംഭിക്കാൻ തീരുമാനം എടുത്ത് പ്രവർത്തനം ആരംഭിച്ചത് . അടൂർ പ്രകാശിന്റെ ശ്രമഫലമായി കോന്നിയിൽ അനുവദിച്ചു നിർമാണം പൂർത്തിയാക്കിയ മെഡിക്കല്‍ കോളേജ് ഈ അടിയന്തിര സാഹചര്യത്തില്‍ എത്രയുംവേഗം തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി ആരംഭിക്കുന്നതിന് സാങ്കേതികത്വം പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും പി.മോഹന്‍രാജ് പറഞ്ഞു.
കഴിഞ്ഞ യു.ഡി.ഫ് സർക്കാർ നിർമാണം തുടങ്ങി കഴിഞ്ഞനാളില്‍ പൂർത്തിയാക്കിയ കാസറഗോഡ് മെഡിക്കൽ കോളേജ് ഇന്ന് കൊറോണ രോഗികളെ പരിചരിക്കുവാന്‍ തുറന്നുകഴിഞ്ഞു. എന്നിട്ടും രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുവാന്‍ കോന്നി മെഡിക്കല്‍ കോളേജ് തുറക്കാതെ ഇട്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിന് കോന്നി നിവാസികളോടുള്ള അതൃപ്തിയാണ് ഇത് കാണിക്കുന്നത്. പാറയും കാട്ടാനയും ഉള്ള ആനകുത്തിയിലെ നെടുമ്പാറയില്‍ മെഡിക്കല്‍ കോളേജ് പണി പൂര്‍ത്തീകരിക്കുന്നതിനെ തുടക്കംമുതല്‍ എതിര്‍ത്ത ആരോഗ്യ മന്ത്രി കോന്നി നിവാസികളോട് വാശി തീര്‍ക്കുകയാണെന്നും കോന്നി എം.എല്‍.എ ഇക്കാര്യത്തില്‍ നിസ്സഹായനാണെന്നും മോഹന്‍ രാജ് പറഞ്ഞു.