പാലക്കാട് : മുതിർന്ന ആർഎസ്‍എസ് പ്രചാരകൻ പി.പരമേശ്വരൻ അന്തരിച്ചു. 93 വയസായിരുന്നു. ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു പി.പരമേശ്വരൻ.
1927ൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും പൂർത്തിയാക്കി. ചെറുപ്പം മുതൽ സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. 1950 ൽ മുഴുവൻ സമയപ്രവർത്തകനായി. 57 ൽ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടർന്ന് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാർട്ടിയിൽ പ്രവർത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി ആർഎസ്എസ് പ്രചാരകനായി തുടർന്നു.
കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷൻ ഡൽഹി ദീൻ ദയാൽ റിസർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. മികച്ച വാഗ്മികിയായും എഴുത്തുകാരനായും കവിയായും പി.പരമേശ്വരൻ അറിയപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ൽ പത്മശ്രീ പുരസ്കാരവും 2018ൽ പത്മവിഭൂഷൺ പുരസ്കാരവും പരമേശ്വരനെ തേടിയെത്തി. അമൃതകീർത്തി പുരസ്കാരം ഉൾപ്പടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.