കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്. തായിക്കാട്ടുകര ഗാരിജിന് സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പഴുതടച്ച രീതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ല കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു, ജില്ല ലേബര്‍ ഓഫീസര്‍ പി ജി വിനോദ് കുമാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മന്ത്രി കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്ന് പോക്‌സോ ഇരകളുടെ അമ്മമാര്‍ക്കുള്ള അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്. ആലുവയിലെ ചില ഇടങ്ങളില്‍ ബ്ലാക്ക് സ്‌പോട്ടുകള്‍ (ഒഴിഞ്ഞ മേഖലകള്‍) ഉണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു.