കൊച്ചി : വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ മികച്ച സംഘാടകനും പോരാളിയുമായി മുന്‍നിരയിലേക്കുവന്ന പി രാജീവ് കളമശേരിയിലെ പോരാട്ടത്തില്‍ ചരിത്രവിജയം നേടിയാണ് മന്ത്രിപദത്തിലേക്കെത്തുന്നത്. യു ഡി എഫ് കോട്ടയെന്ന് വിശേഷിപ്പിക്കാറുള്ള മണ്ഡലത്തില്‍ പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ 15,336 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാജീവ് നിയമസഭയിലേക്കെത്തിയത്.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് രാജ്യസഭാംഗമായിരിക്കെ മികച്ച പാര്‍ലമമെന്റെറിയന്‍ എന്ന ബഹുമതി നേടി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള അത്യാധുനിക റേഡിയേഷന്‍ കേന്ദ്രം, ഡയറ്ററി കിച്ചണ്‍, ആലുവ താലൂക്ക് ആശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സെന്റര്‍, സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് എന്നിവ ഏര്‍പ്പെടുത്തുകയും കൊച്ചിയുടെ പൊതു വികസനത്തിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുകയും ചെയ്‌ത അദ്ദേഹം കൊച്ചി മെട്രോ റെയിലിനു വേണ്ടിയുള്ള പോരാട്ടത്തിലും മുന്‍നിരയിലുണ്ടായിരുന്നു.
രാജ്യസഭാംഗത്വത്തില്‍ നിന്ന് വിരമിക്കുമ്പോള്‍, എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന അംഗങ്ങളായ അരുണ്‍ ജയ്റ്റ്‌ലിയും (ബി ജെ പി) ഗുലാംനബി ആസാദും (കോണ്‍ഗ്രസ്) വരെ രാജീവിനെ രണ്ടാംവട്ടവും രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യമുയര്‍ത്തിയതു തന്നെ ആ പ്രവര്‍ത്തനമികവിനുള്ള തെളിവാണ്. പാര്‍ലമെന്‍റിലേക്ക് നല്‍കിയ സംഭാവന പരിഗണിച്ച് സന്‍സദ് രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യസഭ പി രാജീവിന് യാത്രയയപ്പ് നല്‍കിയത്.
2013ല്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയെ രാജ്യത്തെ പ്രതിനിധീകരിച്ച് അഭിസംബോധന ചെയ്‌ത രാജീവ് രാജ്യസഭാ കാലഘട്ടത്തിനു ശേഷം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. 2018 വരെ സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു നിന്ന് മത്സരിച്ചെങ്കിലും ഹൈബി ഈഡനെതിരേ പരാജയമറിഞ്ഞു.
അഞ്ച് പുസ്‌തകങ്ങളുടെ രചയിതാവായ രാജീവിന്റെ സ്വദേശം തൃശൂര്‍ ജില്ലയിലെ മേലഡൂരാണ്. ദീര്‍ഘകാലമായി കളമശേരിയിലാണ് സ്ഥിരതാമസം. റവന്യൂ ഇന്‍സ്‌പെക്‌ടറായിരുന്ന പി വാസുദേവന്റെയും രാധയുടെയും മകനായ രാജീവിന് അമ്പത്തിരണ്ട് വയസാണ്. ഭാര്യ: വാണി കേസരി (പ്രൊഫസര്‍, കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്‌റ്റഡീസ്). മക്കള്‍: ഹൃദ്യ, ഹരിത.