തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിൽ നിലനിൽക്കുന്ന തര്‍ക്കത്തിൽ നിലപാട് വ്യക്തമാക്കി മുൻ ഗവര്‍ണര്‍ പി സദാശിവം. കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിപ്പിക്കുമ്പോൾ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട കാര്യമില്ല. പക്ഷെ മര്യാദയുടെ ഭാഗമായി വിവരങ്ങൾ പരസ്പരം അറിയിക്കുകയും ചര്‍ച്ച ചെയ്യാറും ഉണ്ടെന്ന് പി സദാശിവം വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ അധിപനാണ് ഗവര്‍ണര്‍. ആ നിലയിൽ എല്ലാ കാര്യങ്ങളും ഗവര്‍ണറെ അറിയിക്കാറുണ്ട്. നിയമ മന്ത്രിയോ ചീഫ് സെക്രട്ടറിയോ ആണ് വിവരങ്ങൾ അറിയിക്കാറുള്ളത്. കേരള ഗവര്‍ണറായിരുന്ന കാലത്ത് അങ്ങനെയായിരുന്നു കാര്യങ്ങൾ പോയിരുന്നതെന്നും പി സദാശിവം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കോടതിയെ സമീപിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദീകരണം നൽകണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരിക്കുകയും ചെയ്തിരുന്നു.