മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഡി.എം.കെയിലേക്കെന്ന് സൂചന. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ചെന്നൈയിലെത്തി അൻവർ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഡി.എം.കെയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറാണെന്ന് അൻവർ നേതാക്കളെ അറിയിച്ചതായാണ് വിവരം. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കൾക്കൊപ്പമുള്ള അൻവറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അൻവറിന്‍റെ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വാർത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കൾ അൻവറിനെ കണ്ടിരുന്നു. തമിഴ്നാട്ടിലെ ലീഗ് നേതാക്കളുമായും അൻവർ ചർച്ച നടത്തി.
ചെന്നൈയിലെ കെ.ടി.ഡി.സി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം. കൂടിക്കാഴ്ചയിൽ ഡി.എം.കെയുടെ രാജ്യസഭാംഗം എം.എം. അബ്ദുല്ലയും പങ്കെടുത്തു. അതേസമയം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഹമ്മദ് അബൂബക്കർ തയാറായില്ല. അൻവറിന്റെ മകൻ റിസ്‌വാൻ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയെ കണ്ടിരുന്നു. നിലവിൽ സി.പി.എം ബന്ധം അവസാനിപ്പിച്ച അൻവർ ഒരു മുന്നണിയുടെയും ഭാഗമല്ല. കോൺഗ്രസിലോ ലീഗിലോ ചേരുന്നതിനേക്കാൾ കൂടുതൽ സ്വതന്ത്രമായി നിൽക്കാനാണ് അൻവർ ആഗ്രഹിക്കുന്നത്.