കൊച്ചി : കന്നി മത്സരത്തില്‍ തന്നെ ബേപ്പൂരില്‍ നിന്ന് നേട്ടം കൊയ്ത എംഎല്‍എയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ മുഹമ്മദ് റിയാസും ഇത്തവണ മന്ത്രിസഭയില്‍ അംഗമാകുകയാണ്. മുഖ്യമന്ത്രി പിണറായിന്റെ മകള്‍ വീണാ വിജയന്റെ ഭര്‍ത്താവാണ് മുഹമ്മദ് റിയാസ്. 2020 ജൂണ്‍ 15നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ റിയാസ് വിവാഹം ചെയ്തത് .
ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ 12 അംഗ നിയുക്ത മന്ത്രിമാരുടെ പട്ടികയില്‍ ഇത്തവണ എല്ലാവരും പുതുമുഖങ്ങളാണ്. ഇക്കൂട്ടത്തില്‍ മന്ത്രിസഭയെ നയിക്കുന്ന പിണറായി വിജയനും കെ.രാധാകൃഷ്ണനും മാത്രമാണ് മുന്‍പ് ഭരണപരിചയമുളളത്. പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരുന്ന മൂന്നാമത് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ (1996-01) പിന്നോക്കക്ഷേമ മന്ത്രിയായിരുന്നു കെ.രാധാകൃഷ്ണന്‍. പിന്നീട് അദ്ദേഹം പതിമൂന്നാം നിയമസഭയുടെ സ്പീക്കറായി.
പുതുമുഖങ്ങളുടെ കൂട്ടത്തില്‍ മന്ത്രി പദവിയിലേക്കെത്തുന്ന പി.എ മുഹമ്മദ് റിയാസിന് പാര്‍ട്ടി ഡിവൈഎഫ്‌ഐ പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉറപ്പാക്കിയാണ് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേപ്പൂരില്‍ നിന്നാണ് ഇത്തവണ റിയാസ് നിയമസഭയിലേക്കെത്തിയത്. 50,000ലധികം റെക്കോഡ് ഭൂരിപക്ഷവുമായാണ് പിണറായി വിജയന്‍ ഇത്തവണ ധര്‍മ്മടത്ത് നിന്നും നിയമസഭയിലെത്തിയതെങ്കില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസിന്റെ അഡ്വക്കേറ്റ് പി.എം നിയാസിനെ 28,747 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് സഭയിലെത്തുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എം അബ്ദുള്‍ ഖാദറിന്റെ മകനായി കോഴിക്കോടാണ് മുഹമ്മദ് റിയാസിന്റെ ജനനം. കോഴിക്കോട്ടെ സെന്റ് ജോസഫ്സ് സ്‌കൂളില്‍ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോളേജ് പഠനകാലത്ത് ഫറൂഖ് കോളേജിലെ പ്രീ ഡിഗ്രി പ്രതിനിധിയായി.1995ല്‍ യൂണിറ്റ് സെക്രട്ടറിയായി. ഡിഗ്രി കാലത്ത് യൂണിവേഴ്സിറ്റി യൂണിയന്‍ തലപ്പത്തേക്ക് മത്സരിച്ച് വിജയിച്ചു . ഈ സമയമായപ്പോഴേക്കും എസ്‌എഫ്‌ഐയുടെ പ്രമുഖ നേതാവായി മുഹമ്മദ് റിയാസ് മാറുകയായിരുന്നു.