പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പത്തനംതിട്ട സബ് കോടതിയില്‍ സമര്‍പ്പിച്ച പാപ്പര്‍ ഹര്‍ജിയില്‍ ഇന്ന് വാദം നടന്നു. പാപ്പര്‍ ഹര്‍ജി പിന്‍വലിക്കാന്‍ പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പോപ്പുലര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കരുത് എന്ന ആവശ്യവുമായി നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായ ചില അഭിഭാഷകര്‍ ശക്തമായി നിലകൊണ്ടു.
പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ഹാജരായ ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പിലെ അഡ്വ.രാജേഷ് കുമാര്‍ പാപ്പര്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹര്‍ജി കോടതി തള്ളണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ പ്രതിഭാഗം പറഞ്ഞത് നിക്ഷേപകരുടെ പണം മടക്കിനല്കാം എന്നാണ്. അതേസമയം പത്തനംതിട്ട സബ് കോടതിയില്‍ തങ്ങളുടെ പക്കല്‍ പണമൊന്നും ഇല്ലെന്നും തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ കോടതിയെ ബോധപൂര്‍വ്വമായി തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തത്. അതിനാല്‍ പാപ്പര്‍ ഹര്‍ജി തള്ളുന്നതിനോടൊപ്പം 1955 ലെ പാപ്പര്‍ നിയമത്തിന്റെ വകുപ്പ് 75 പ്രകാരം പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അഡ്വ.രാജേഷ് കുമാര്‍ വാദിച്ചു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനുവേണ്ടി കേസ് ഡിസംബര്‍ നാലിന് വീണ്ടും പരിഗണിക്കും.
പോപ്പുലര്‍ ഉടമകളുടെ ജാമ്യാപേക്ഷയിന്മേലുള്ള അപ്പീല്‍ നാളെ ഹൈക്കോടതി പരിഗണിക്കും. ആലപ്പുഴയിലെ വിചാരണകോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചുകൊണ്ടാണ് ആലപ്പുഴയിലെ സ്പെഷ്യല്‍ കോടതിയില്‍ ഇവര്‍ ജാമ്യത്തിനുവേണ്ടി അപേക്ഷ നല്‍കിയത്. ഇവിടെനിന്നും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പുതിയ അപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല.പകരം അപ്പീല്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് നല്‍കിയ അപ്പീല്‍ ആണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.
https://www.facebook.com/mediapta/videos/2866261780327529/