പത്തനംതിട്ട : ലോക്ക് ഡൗണ്‍ കാലത്ത് വിപണി ലഭിക്കാതെ ദുരിതത്തിലായ ഒരു വിഭാഗമാണ് കര്‍ഷകര്‍. ഇവര്‍ക്ക് ആശ്വാസം പകരുന്നതിനുവേണ്ടി പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത സഹകരണത്തോടെ ‘പഴക്കൊട്ട പച്ചക്കറി കൊട്ട’ പരിപാടി ആരംഭിച്ചു. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജ് മുന്‍കൈയെടുത്താണ് ഈ പദ്ധതി ആരംഭിച്ചത്.
പത്തനംതിട്ട നഗരസഭ ടൗണ്‍ഹാളിലാണു വിപണി ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് കര്‍ഷകര്‍ക്കായി ഇത്തരത്തില്‍ ഒരു പരിപാടി ആവിഷ്‌കരിക്കുന്നത്. കര്‍ഷകര്‍ക്ക് വിപണി കണ്ടെത്തുന്നതോടൊപ്പം റംസാന്‍ വിപണിയും ഇതിലൂടെ നടപ്പാക്കുന്നു. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്ന ചിന്തയാണ് ‘പഴക്കൊട്ട പച്ചക്കറി കൊട്ട’ എന്ന ആശയത്തിലേക്ക് എത്തിച്ചത്. റംസാന്‍ കാലത്ത് നാടന്‍ പച്ചക്കറികളും പഴങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും വരുമാനമാര്‍ഗം ഒരുക്കി കൊടുക്കുക എന്നതുകൂടിയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. വരും ദിവസങ്ങളില്‍ ആറന്മുള നിയോജകമണ്ഡലത്തിനു കീഴിലെ മറ്റു പ്രദേശങ്ങളില്‍കൂടി ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
പന്തളം ശര്‍ക്കര, കൊടുമണ്‍ അരി, കോഴഞ്ചേരി നാടന്‍ മാങ്ങ, കുടംപുളി, കോന്നി പൈനാപ്പിള്‍, വള്ളിക്കോട് വെള്ളരിക്ക, കോട്ടാങ്ങല്‍ പടവലം, ചീര, പയര്‍, പുളി തുടങ്ങിയ തനിമയാര്‍ന്ന നാടന്‍ പച്ചക്കറി പഴവര്‍ഗങ്ങളാണ് റംസാന്‍ വിപണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്തനംതിട്ട ടൗണ്‍ഹാളില്‍ ലളിതമായി നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി.കെ ജേക്കബ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സാറാ ടി ജോണ്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് തമ്പാന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മോനി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.