കോന്നി : ചെറിയൊരു മഴ പെയ്താൽ റോഡ് തോടായി മാറും. ഇതാണ് പാടം – കലഞ്ഞൂർ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. പത്ത് കിലോമീറ്റർ ദൂരമാണ് റോഡ് ഉള്ളത്. കിഫ്‌ബി ഫണ്ടിൽ നിന്നും ഉള്ള തുക ചിലവഴിച്ച് നിർമ്മിക്കുന്ന റോഡിൽ ഇപ്പോൾ കാൽ നട യാത്ര പോലും ദുഷകരമാണ്. 8 കിലോമീറ്റർ ദൂരത്തോളം ഇനിയും പൂർത്തീകരിക്കാൻ ഉണ്ട്. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിൽ നിർമ്മാണത്തിന്റെ പേരിൽ വ്യാപക അഴിമതിയുണ്ടെന്നും ജനങ്ങൾ ആരോപിക്കുന്നു.
വാഹനങ്ങൾ കുഴപ്പമില്ലാതെ സഞ്ചരിച്ചിരുന്ന ഭാഗവും നിർമ്മാണ പ്രവർത്തനത്തിന്റെ പേരിൽ ഇപ്പോൾ കുത്തി ഇളക്കി ഇട്ടിരിക്കുകയാണ്. കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന അഴിമതിയാണ് റോഡ് നിർമ്മാണം വൈകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർ ആണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. നിരവധി ആളുകൾ ആണ് റോഡിലെ ചെളിയിൽ തെന്നി വീണ് പരിക്ക് പറ്റിയിട്ടുള്ളത്.
നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്. പാടം, മാങ്കോട് തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്കുള്ള ജനങ്ങൾ ഇതുവഴി വേണം സഞ്ചരിക്കാൻ. സ്കൂൾ അധ്യയനവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇതുവഴിയുള്ള യാത്ര സ്കൂൾ കുട്ടികളെയും ദുരിതത്തിൽ ആക്കും. റോഡിന്റെ ദുരവസ്ഥയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.