കുളനട: സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ കേന്ദ്ര ബഡ്ജറ്റില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ബഡ്ജറ്റില്‍ ഉള്ളതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന പദയാത്രയുടെ പത്താം ദിവസത്തെ സമാപന സമ്മേളനം കുളനട ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാനുള്ള ദിവസ പരിധി കുറച്ചത് പിന്‍വലിക്കണമെന്നും സംസ്ഥാനത്തെ റബ്ബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകര്‍ഷകരെ സഹായിക്കുന്ന യാതൊരു നടപടിയും ബഡ്ജറ്റില്‍ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തുടരുകയാണെന്നും രാജ്യത്തിന്റെ പൊതുതാല്‍പര്യം വിസ്മരിച്ച് സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുളനട മണ്ഡലം പ്രസിഡന്റ് തുളസീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ബാബു ജോര്‍ജ്ജ്, അഡ്വ. കെ. ശിവദാസന്‍നായര്‍, പി.മോഹന്‍രാജ്, പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി, ജി. രഘുനാഥ്, വൈ.യാക്കൂബ്, സുനില്‍കുമാര്‍ പുല്ലാട്, കെ.എന്‍ രാധാചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പത്തനംതിട്ട ബ്ലോക്കിലെ കടമ്മനിട്ട ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് കോഴഞ്ചേരിയില്‍ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും.