തിരുവല്ല : തുലാമഴ പെയ്തൊഴിയാത്തതിനാൽ അപ്പർകുട്ടനാട്ടിൽ ഈ സീസണിലെ നെൽകൃഷി പ്രതിസന്ധിയിലായി. ആഴ്ചകളായി തുടരുന്ന മഴയിൽ പാടശേഖരങ്ങളെല്ലാം മുങ്ങി. ഒക്ടോബറിന് ശേഷം സാധാരണ മഴ കുറയുമ്പോൾ പാടങ്ങളിൽ ഒരുക്കങ്ങൾ നടത്തി നവംബർ ആദ്യവാരത്തിൽ വിതയ്ക്കുന്നതാണ് അപ്പർകുട്ടനാട്ടിലെ കൃഷിരീതി. എന്നാൽ ഇക്കുറി നവംബർ രണ്ടാം വാരം പിന്നിടുമ്പോഴും മഴയ്ക്ക് ശമനമില്ല. വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരങ്ങളിൽ ഒരുക്കങ്ങൾ ഒന്നും തുടങ്ങാനായിട്ടില്ല. നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്ന് നിൽക്കുകയാണ്. ഇതോടെ പാടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിവിടാനും മാർഗമില്ലാതെ വലയുകയാണ് കർഷകർ.
പാടങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്തിട്ടും രക്ഷയില്ല. അപ്പർകുട്ടനാട്ടിലെ വെള്ളം തോട്ടപ്പള്ളി സ്പിൽവേയിലൂടെ വേണം ഒഴുകി മാറാൻ. തോട്ടപ്പള്ളിയിലെ 41 ഷട്ടറുകളിൽ പകുതിയോളം മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. വേലിയേറ്റം വരുമ്പോൾ സ്പിൽവേയുടെ ഷട്ടർ അടയ്ക്കുകയും വേലിയിറക്കസമയത്ത് തുറന്നുവെയ്ക്കുകയും ചെയ്താൽ കുറെയെങ്കിലും വെള്ളം ഒഴുകിപ്പോയേനെ. കടലിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതും പ്രതിസന്ധിയാകുന്നു. തോട്ടപ്പള്ളി, തണ്ണീർമുക്കം എന്നീ സ്പിൽവേകളുടെ ഷട്ടറുകൾ തുറന്നു മേഖലയിലെ ജലം ഒഴുക്കിവിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പർകുട്ടനാട് നെൽകർഷക സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർക്ക് നിവേദനം നൽകിയിട്ടുണ്ട്.